മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിൽ നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനിയിൽ സംഘടിപ്പിക്കുന്ന റാലിയിൽ കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ പങ്കെടുക്കും. റാലിയിൽ പങ്കെടുക്കുന്ന വിവരം മുഖ്യമന്ത്രി തന്നെയാണ് എക്സ് പോസ്റ്റിലൂടെ അറിയിച്ചത്.
ജനാധിപത്യത്തെയും ഭരണഘടനയെയും വോട്ടവകാശത്തെയും സംരക്ഷിക്കാൻ രാംലീല മൈതാനത്ത് ലക്ഷക്കണക്കിന് പേർക്കൊപ്പം താനും അണിചേരുമെന്ന് മുഖ്യമന്ത്രി കുറിച്ചു. ഇത് വെറുമൊരു പ്രതിഷേധമല്ല. ജനാധിപത്യം ഭീഷണി നേരിടുമ്പോൾ തങ്ങൾ നിശബ്ദരായി നിൽക്കില്ലെന്നതിന്റെ ഉറച്ച പ്രഖ്യാപനമാണിതെന്നും മുഖ്യമന്ത്രി കുറിച്ചു.
നവംബർ ഒന്നിനുള്ള മാർച്ചിൽ പങ്കെടുക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടുത്തിടെ ജനങ്ങളോട് അഭ്യർഥിച്ചിരുന്നു. 'വോട്ട് മോഷണം' അവസാനിപ്പിക്കാനും ഭരണഘടനയെ സംരക്ഷിക്കാനുമാണ് രാംലീല മൈതാനത്തെ റാലിയെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് മിന്റോ റോഡ്-കൊണോട്ട് പ്ലേസ് ജങ്ഷനിൽ നിന്ന് ആരംഭിക്കുന്ന റാലി രാംലീല മൈതാനത്ത് സമാപിക്കും. ഓൾ ഇന്ത്യ സ്റ്റുഡൻസ് അസോസിയേഷൻ (ഐസ), കോക്രോച്ച് ജനതാ പാർട്ടി (സിജെപി) എന്നിവർ റാലിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. ഐസ ദേശീയ അധ്യക്ഷ നേഹ ബോറ, സിജെപി കൺവീനർ അഭിജീത് ദിപ്കെ എന്നിവരാണ് പിന്തുണ പ്രഖ്യാപിച്ചത്.