രാമക്ഷേത്ര കൊള്ള: അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി

 
India

രാമക്ഷേത്ര കൊള്ള: അന്വേഷണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി; എസ്ഐടിയോട് റിപ്പോർട്ട് തേടി

അന്വേഷണത്തിന്‍റെ പുരോഗതി സംബന്ധിച്ച തൽസ്ഥിതി റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കാനും കോടതി നിർദേശിച്ചു

Sarath Nath MS

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര കൊള്ളയിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘത്തോട് (എസ്ഐടി) അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് നിർദേശം നൽകിയത്. അന്വേഷണത്തിന്‍റെ പുരോഗതി സംബന്ധിച്ച തൽസ്ഥിതി റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കാനും കോടതി നിർദേശിച്ചു.

റിപ്പോർട്ട് ആദ്യം കോടതി പരിശോധിച്ചശേഷം എല്ലാ കക്ഷികൾക്കും നൽകണമോയെന്ന് തീരുമാനിക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി. അന്വേഷണത്തിന്‍റെ ഗുണനിലവാരവും സുതാര്യതയും മെച്ചപ്പെടുത്തുന്നതിനായി കേസിലെ വിവിധ ഹർജിക്കാർ മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങൾ വസ്തുനിഷ്ഠമായി പരിഗണിക്കണമെന്നും കോടതി എസ്ഐടിയോട് ആവശ്യപ്പെട്ടു.

സ്വതന്ത്ര ഏജൻസിയുടെയോ സിബിഐയുടെയോ നേതൃത്വത്തിൽ കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട ഹർജിക്കാർക്കും മറ്റ് പൊതുതാൽപര്യമുള്ള വ്യക്തികൾക്കും സംഭാവന കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടി അന്വേഷിക്കേണ്ട വിഷയങ്ങളെക്കുറിച്ചുള്ള നിർദേശങ്ങൾ സോളിസിറ്റർ ജനറലിന്‍റെ ഓഫീസിൽ സമർപ്പിക്കാമെന്നും കോടതി വ്യക്തമാക്കി. ഈ നിർദേശങ്ങൾ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ ഓഫീസ് എസ്ഐടിക്ക് കൈമാറണം. നിർദേശങ്ങൾ എസ്ഐടി വസ്തുനിഷ്ഠമായി പരിഗണിക്കുമെന്ന് വിശ്വസിക്കുന്നതായും ബെഞ്ച് പറഞ്ഞു.