സാംബിത് പാത്ര
ന‍്യൂഡൽഹി: മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജിയും എസ്ഐആർ നടപടികളിലെ ക്രമക്കേടുകളും ഉന്നയിച്ച് രാംലീല മൈതാനത്ത് ഇന്ത‍്യാസഖ‍്യം സംഘടിപ്പിച്ച റാലിക്കെതിരേ പരിഹാസവുമായി ബിജെപി. രാംലീല മൈതാനം 40 ശതമാനം കാലിയായിരുന്നുവെന്ന് ബിജെപി നേതാവ് സാംബിത് പാത്ര പറഞ്ഞു.
കെ.സി. വേണുഗോപാൽ അടക്കമുള്ള നേതാക്കൾ റാലിയിൽ 10 ലക്ഷം പേർ പങ്കെടുക്കുമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാൽ വളരെ കുറച്ചുപേർ മാത്രമാണ് പങ്കെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ രാംലീല മൈതാനത്തിന്‍റെ പകുതിയോളം ഭാഗം ഒഴിഞ്ഞുകിടക്കുന്നതിന്‍റെ വിഡിയോ ദൃശ‍്യങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു ബിജെപി നേതാവ് രംഗത്തെത്തിയത്.
28,000 കസേരകളിൽ ഏകദേശം 5,000 മുതൽ 7,000 കസേരകൾ ഉച്ച കഴിഞ്ഞ് 3.30യ്ക്കും നാലിനുമിടയിൽ ഒഴിഞ്ഞുകിടക്കുകയായിരുന്നുവെന്നാണ് ബിജെപി നേതാവിന്‍റെ വാദം. എന്നാൽ ഇന്ത‍്യാസഖ‍്യത്തിന്‍റെ റാലി വലിയ വിജയമായിരുന്നുവെന്നും ജ്ഞാനേഷ് കുമാർ രാജിവയ്ക്കേണ്ടി വരുമെന്നും ജനപങ്കാളിത്തം കണ്ട് ബിജെപി അസ്വസ്ഥരാണെന്നും കോൺഗ്രസ് എംപി അഭിഷേക് മനു സിംഗ്വി പറഞ്ഞു.