നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാൻ പ്രചാരണം നടത്തുന്നു
നന്ദിഗ്രാം: ഇടക്കാല ജാമ്യത്തിൽ ജയിൽ മോചിതനായതിന് പിന്നാലെ പശ്ചിമ ബംഗാളിലെ പുര്‍ബ മേദിനിപുർ ജില്ലയിലെ നന്ദിഗ്രാം നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാൻ വ്യാഴാഴ്ച പ്രചാരണം നടത്തി.
പാർട്ടി പ്രവർത്തകർക്കൊപ്പമാണ് പ്രചാരണം ആരംഭിച്ചത്. പ്രാദേശിക കോൺഗ്രസ് ഓഫിസിൽ നിന്ന് നന്ദിഗ്രാം ബസ് സ്റ്റാൻഡ് വഴി ടെനോറിലേക്ക് നടന്നാണ് അദ്ദേഹം പ്രചാരണം നടത്തിയത്. വഴിയിലുടനീളം നാട്ടുകാരുമായും കടയുടമകളുമായും അദ്ദേഹം സംസാരിച്ചു.
ഉപതെരഞ്ഞെടുപ്പിൽ പ്രചാരണം നടത്താൻ അനുമതി നൽകിക്കൊണ്ട് കൽക്കട്ട ഹൈക്കോടതി ഒക്റ്റോബർ 20 വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജയിൽ മോചിതനായതിന് പിന്നാലെ ബുധനാഴ്ച തന്നെ പ്രധാൻ കാറിൽ റോഡ് ഷോയും നടത്തിയിരുന്നു.
തെരഞ്ഞെടുക്കപ്പെട്ടാൽ മണ്ഡലത്തിലെ പ്രാദേശിക പ്രശ്നങ്ങൾ നിയമസഭയിൽ ഉന്നയിക്കുമെന്ന് വോട്ടർമാരോട് പ്രധാൻ പറഞ്ഞു. പൈപ്പ് വെള്ളത്തിന്‍റെ വിതരണം ഇല്ലാത്തതിനാൽ നന്ദിഗ്രാമിലെ ജനങ്ങൾ ഇപ്പോഴും കുളത്തിലെ വെള്ളം കുടിക്കേണ്ടിവരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
ജനറൽ കോളെജ്, ടെക്നിക്കൽ കോളെജ്, നഴ്സിങ് കോളെജ്, ഐടിഐ എന്നിവയുടെ അഭാവവും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 20 വർഷമായി നന്ദിഗ്രാമിലെ രാഷ്ട്രീയ മാറ്റം ചർച്ചയായിട്ടും പ്രദേശം അവഗണിക്കപ്പെട്ട നിലയിലാണെന്നും പ്രധാൻ പറഞ്ഞു.
ജെല്ലിംഗ്ഹാം പദ്ധതിയുടെ അടച്ചുപൂട്ടലിനെയും കാർഷിക ഹബ്ബോ ടൂറിസം കേന്ദ്രമോ ഇല്ലാത്തതിനെയും അദ്ദേഹം ചോദ്യം ചെയ്തു. പ്രദേശത്തെ ജനസംഖ്യയുടെ 90 ശതമാനത്തോളം കൃഷിയെ ആശ്രയിക്കുന്നവരാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബഹുമുഖ മത്സരമാണെങ്കിലും പ്രധാന പോരാട്ടം കോൺഗ്രസും ബിജെപിയും തമ്മിലാണെന്നും പ്രധാൻ പറഞ്ഞു. രണ്ട് പതിറ്റാണ്ട് പഴക്കമുള്ള കേസിൽ തന്നെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചു. കേസിലെ മറ്റ് പ്രതികളിൽ ബിജെപിയെ പിന്തുണയ്ക്കുന്ന മുൻ തൃണമൂൽ കോൺഗ്രസ് നേതാക്കളും ഉൾപ്പെടുന്നുണ്ടെന്നും, താൻ അറസ്റ്റിലായപ്പോൾ അവർ സ്വതന്ത്രരായി നടക്കുകയാണെന്നും പ്രധാൻ ആരോപിച്ചു.
ഇതിനിടെ ബിജെപി സ്ഥാനാർഥി ഹൻസിറാണി രഥും പ്രചാരണം ആരംഭിച്ചു. പാർട്ടി അനുയായികളുടെ വാഹനവ്യൂഹത്തോടൊപ്പം മോട്ടോർ സൈക്കിളിൽ പിന്നിലിരുന്നാണ് അവർ പ്രചാരണം നടത്തിയത്.
നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭവാനിപുർ, നന്ദിഗ്രാം എന്നീ സീറ്റുകളിൽ വിജയിച്ച മുഖ്യമന്ത്രി സുവേന്ദു അധികാരി ഭവാനിപുർ സീറ്റ് നിലനിർത്താൻ നന്ദിഗ്രാം സീറ്റ് ഒഴിഞ്ഞതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
മുൻ മുഖ്യമന്ത്രി മമത ബാനർജി കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അധികാരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു.
ഒക്റ്റോബർ നാലിനാണ് പ്രചാരണം അവസാനിക്കുക. ഒക്റ്റോബർ ആറിന് വോട്ടെടുപ്പും ഒൻപതിന് വോട്ടെണ്ണലും നടക്കും.