സോണിയ ഗാന്ധി, അണ്ണാ ഹസാരെ
ന‍്യൂഡൽഹി: 2012ൽ അണ്ണാ ഹസാരെ രാജ‍്യത്ത് നടത്തിയ അഴിമതിക്കെതിരായ ഇന്ത‍്യ എഗെയ്ന്‍സ്റ്റ് കറപ്ഷൻ പ്രസ്ഥാനത്തിന് പിന്നിൽ ബിജെപിയും ആർഎസ്എസുമാണെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ് എന്ന പുസ്തകത്തിലാണ് സോണിയ ഗാന്ധി വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
യുപിഎ സർക്കാരിനെ പുറത്താക്കുക എന്ന ലക്ഷ‍്യത്തോടെ ബിജെപി രഹസ‍്യമായി ആസൂത്രണം ചെയ്തതാണെന്നുമാണ് സോണിയ ഗാന്ധി പറയുന്നത്. ഡൽഹിയിൽ അന്ന് അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ നടന്ന അഴിമതി വിരുദ്ധ പ്രതിഷേധങ്ങൾ സർക്കാരിനെ പ്രതിരോധത്തിലാക്കിയെന്നും ഒടുവിൽ സർക്കാരിന് അവരുടെ സമ്മർദത്തിന് വഴങ്ങി ലോക്പാൽ നിയമം പാസാക്കേണ്ടി വന്നുവെന്നും സോണിയ കൂട്ടിച്ചേർത്തു.
എന്നാൽ ബിജെപി അധികാരത്തിൽ വന്നതോടെ ലോക്പാൽ സംവിധാനം അപ്രസക്തമായെന്നും ആരും ശ്രദ്ധിക്കാത്ത സംവിധാനമായി അത് മാറിയെന്നും അവർ പറഞ്ഞു. രണ്ടാം യുപിഎ സർക്കാരിന്‍റെ കാലത്ത് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനെതിരേ വലിയ തോതിൽ വിമർശനങ്ങളുണ്ടായെന്നും സോണിയ ഗാന്ധി പുസ്തകത്തിൽ പരാമർശിക്കുന്നു.