മോഹൻ ഭാഗവത്
File
നാഗ്പുർ: രാജ‍്യത്തെ ജെൻസികളുമായി വീണ്ടും സംവാദത്തിനൊരുങ്ങി ആർഎസ്എസ്. ഓഗസ്റ്റ് 15ന് സ്വാതന്ത്ര‍്യദിനത്തിൽ നാഗ്പൂരിലെ കസ്തൂർചന്ദ് പാർക്കിൽ നടക്കുന്ന പരിപാടിയിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ജെൻസികളുമായി സംസാരിക്കും. ഇന്ത‍്യയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ യുവാക്കളുടെ പങ്ക് എന്ന വിഷയമായിരിക്കും പ്രധാനമായും ചർച്ച ചെയ്യുക.
നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷനും ലോക്മത്തും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ ഇന്ത‍്യയുടെ ഭാവി, ഭരണഘടനാ മൂല‍്യങ്ങൾ, ജനാധിപത‍്യം എന്നീ വിഷയങ്ങളെ പറ്റിയും അദ്ദേഹം ചർച്ച ചെയ്യും.
കസ്തൂർചന്ദ് പാർക്കിൽ സ്ഥാപിച്ചിട്ടുള്ള കൊടിമരത്തിൽ ദേശീയ പതാക ഉയർത്തിയ ശേഷമായിരിക്കും പരിപാടി ആരംഭിക്കുന്നത്. നേരത്തെ നീറ്റ് ക്രമക്കേടുകളിൽ ജെൻസികൾ രാജ‍്യവ‍്യാപകമായി പ്രതിഷേധം നടത്തിയതിനു പിന്നാലെ മുംബൈയിൽ വച്ച് മോഹൻ ഭാഗവത് സംവാദം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും യുവജനങ്ങളുമായി ചർച്ചയ്ക്കൊരുങ്ങുന്നത്.