അഖിലേഷ് യാദവ്
റാംപുർ: മുതിർന്ന സമാജ്വാദി പാർട്ടി നേതാവ് അസം ഖാന്റെ കുടുംബം നേരിട്ടത്ര അനീതി മറ്റൊരു രാഷ്ട്രീയ കുടുംബവും നേരിട്ടിട്ടില്ലെന്ന് പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. വ്യാഴാഴ്ച ഉത്തർപ്രദേശിലെ റാംപുർ ജില്ലാ ജയിലിലെത്തി അസം ഖാനെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസം ഖാനെതിരേ ബിജെപി സർക്കാർ രാഷ്ട്രീയവൈരാഗ്യത്തിന്റെ ഭാഗമായി കള്ളക്കേസുകൾ ചുമത്തുകയാണെന്നും അഖിലേഷ് ആരോപിച്ചു.
കഴിഞ്ഞ വർഷം നവംബറിൽ ഇരട്ട പാൻ കാർഡ് കേസിൽ അസം ഖാനെയും മകൻ അബ്ദുല്ല അസം ഖാനെയും റാംപുർ കോടതി ഏഴ് വർഷം തടവിന് ശിക്ഷിച്ചിരുന്നു. ജനനത്തീയതികളിലെ പൊരുത്തക്കേടുമായി ബന്ധപ്പെട്ട കേസിലായിരുന്നു ശിക്ഷ.
ഹെലികോപ്റ്ററിൽ റാംപുരിലെത്തിയ അഖിലേഷ് യാദവിനെ ജൗഹർ സർവകലാശാലയിലെ ഹെലിപാഡിൽ അസം ഖാന്റെ കുടുംബാംഗങ്ങളും പാർട്ടി പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ജില്ലാ ജയിലിലെത്തി അസം ഖാനുമായി ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തി.
റാംപുർ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥിയെക്കുറിച്ച് അസം ഖാനുമായി ചർച്ച നടത്തിയോയെന്ന ചോദ്യത്തിന്, 403 നിയമസഭാ മണ്ഡലങ്ങളിലെയും കാര്യങ്ങൾ വിശദമായി സംസാരിച്ചതായി അഖിലേഷ് മറുപടി നൽകി. റാംപുർ മണ്ഡലത്തിൽ ആരെയാണ് സ്ഥാനാർഥിയാക്കുകയെന്ന ചോദ്യത്തിന്, പേര് ഇപ്പോൾ വെളിപ്പെടുത്തേണ്ടതില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
വിദ്യാഭ്യാസത്തോടും വിജ്ഞാനത്തോടും ബിജെപിക്ക് താൽപര്യമില്ലെന്നും പാർട്ടിയുടെ നയങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ദോഷകരമായി ബാധിച്ചെന്നും അഖിലേഷ് ആരോപിച്ചു. അസം ഖാനെ കള്ളക്കേസുകളിൽ കുടുക്കാൻ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തിയെന്നും ഇതിന് ഉത്തരവാദികളായവരിൽ നിന്ന് ചില ഉദ്യോഗസ്ഥർ ക്രമേണ അകന്നുമാറുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
അസം ഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ജയിലിൽ കഴിയുന്നതിന്റെ ബുദ്ധിമുട്ടുകൾ തുടരുകയാണെന്ന് അഖിലേഷ് വ്യക്തമാക്കി.
2025 ഒക്റ്റോബർ അഞ്ചിനാണ് അഖിലേഷ് യാദവ് ഇതിനുമുൻപ് റാംപുരിലെത്തി അസം ഖാനെയും കുടുംബത്തെയും കണ്ടത്. അന്ന് ജാമ്യത്തിലിറങ്ങിയിരുന്ന അസം ഖാൻ പിന്നീട് നവംബർ ഏഴിന് ലഖ്നൗവിലെ അഖിലേഷിന്റെ വസതിയിലെത്തിയും കൂടിക്കാഴ്ച നടത്തിയിരുന്നു.
വിദ്വേഷ പ്രസംഗക്കേസുകൾ, റോഡ് ഉപരോധക്കേസ്, വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്, വീടുതകർക്കൽ കേസ്, മുൻ റാംപുർ ജില്ലാ മജിസ്ട്രേറ്റിനെതിരായ അപകീർത്തികരമായ പരാമർശം തുടങ്ങിയ മറ്റു കേസുകളിലും അസം ഖാൻ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.
അഖിലേഷിന്റെ സന്ദർശനത്തിനെതിരേ ബിജെപി
അസം ഖാനെ ജയിലിലെത്തി സന്ദർശിച്ച അഖിലേഷ് യാദവിനെതിരേ ബിജെപി രംഗത്തെത്തി. പ്രീണന രാഷ്ട്രീയവും നിയമവാഴ്ചയില്ലായ്മയും പ്രോത്സാഹിപ്പിക്കുന്ന നേതാക്കളെ സന്ദർശിക്കുന്നതിലൂടെ സമാജ്വാദി പാർട്ടിയുടെ മുൻഗണനകൾ വ്യക്തമാകുകയാണെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും ഉത്തർപ്രദേശിന്റെ ചുമതലയുള്ള നേതാവുമായ വിനോദ് താവ്ഡെ എക്സിൽ കുറിച്ചു.
അസം ഖാനെ ഉത്തർപ്രദേശിന്റെ ആഭ്യന്തര മന്ത്രിയാക്കാനാണ് സമാജ്വാദി പാർട്ടി ലക്ഷ്യമിടുന്നതെന്നും താവ്ഡെ ആരോപിച്ചു. 2013ലെ മുസഫർനഗർ കലാപം പരാമർശിച്ച അദ്ദേഹം, മുൻ സമാജ്വാദി പാർട്ടി സർക്കാരിന്റെ കാലത്ത് പടിഞ്ഞാറൻ ഉത്തർപ്രദേശിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും കലാപങ്ങളും നിയമവാഴ്ചയില്ലായ്മയും ഉണ്ടായിരുന്നുവെന്ന് അവകാശപ്പെട്ടു.