"ബന്ധുക്കൾ തമ്മിലുള്ള വിവാഹം നിരോധിക്കണം"; കേന്ദ്രത്തോട് സുപ്രീം കോടതി

 
India

"ബന്ധുക്കൾ തമ്മിലുള്ള വിവാഹം നിരോധിക്കണം"; കേന്ദ്രത്തോട് സുപ്രീം കോടതി

ഒരേ കുടുംബത്തിനുള്ളില്‍ നിന്നുമുള്ള വിവാഹത്തിലൂടെ ജനിച്ച ഹർജിക്കാരി തന്‍റെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയിൽ ഇത്തരമൊരു ഹർജി സമർപ്പിച്ചിരിക്കുന്നത്

Namitha Mohanan

ന്യൂഡൽഹി: ഉറ്റബന്ധുമുള്ളവർ തമ്മിലുള്ള വിവാഹം തടയാൻ നിയമംകൊണ്ടുവരുന്നത് ആലോചിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അടങ്ങുന്ന ബെഞ്ചാണ് വിഷയത്തിൽ അഭിപ്രായം തേടിയത്. കോടതിക്ക് മാത്രമായി ഈ വിഷയത്തിൽ തീരുമാനമെടുക്കാനാവില്ലെന്നും ഇത്തരം വിവാഹങ്ങളുടെ കാര്യത്തില്‍ സമൂഹിക പരിഷ്കരണം ലക്ഷ്യമിട്ട് നിയമനിര്‍മാണം നടത്തേണ്ടത് നിയമനിര്‍മാണ വകുപ്പാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ബെംഗളൂരുവിൽ നിന്നുള്ള ചാർവി എന്ന നിയമവിദ്യാർഥിനി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നീരീക്ഷണം. രക്തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹങ്ങളിലൂടെ ജനിക്കുന്ന കുട്ടികള്‍ക്കുണ്ടാക്ക് ജനിതക വൈകല്യങ്ങളും രോഗങ്ങളും ഉണ്ടാവാനുള്ള സാധ്യതയും നിലനിൽക്കെ ആചാരമാണെന്നത് കൊണ്ട് മാത്രം ഇത്തരം വിവാഹത്തിന് അനുമതി നല്‍കുന്നതിനെ കോടതി പ്രോത്സാഹിപ്പിക്കുന്നുണ്ടോ എന്നായിരുന്നു ചാർവിയുടെ ചോദ്യം.

സമീപകാലത്ത് പുറത്തുവന്ന മെഡിക്കല്‍ പഠനങ്ങളില്‍ രക്തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹബന്ധത്തിലൂടെ ജനിക്കുന്ന കുട്ടികൾക്ക് ഹോമോസൈഗോസിറ്റി വർധിപ്പിക്കുമെന്നും തന്മൂലം കുട്ടികളിൽ പാരമ്പര്യമായി ലഭിക്കുന്ന ജനിതക രോഗങ്ങൾക്കുള്ള സാധ്യത കൂടുമെന്നും സൂചിപ്പിക്കുന്ന വൈദ്യശാസ്ത്ര പഠനങ്ങൾ ഹർജിക്കൊപ്പം ചേർത്തിട്ടുണ്ട്.

എന്നാല്‍ വിവാഹം വ്യക്തിയുടെ സ്വകാര്യ തീരുമാനമാണെന്നും വ്യക്തികളാണ് ഇതില്‍ അന്തിമ തീരുമാനം സ്വീകരിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. നേരത്തെ ഇങ്ങനെയുള്ള വിവാഹബന്ധത്തിലുണ്ടായ ഒരാള്‍ക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ച സംഭവത്തിലും ഇതേ നിലപാടായിരുന്നുവെന്നും കോടതി പറഞ്ഞു.

ഒരേ കുടുംബത്തിനുള്ളില്‍ നിന്നുമുള്ള വിവാഹത്തിലൂടെ ജനിച്ചയാളാണ് താനെന്നും 40 ശതമാനത്തോളം കാഴ്ച വൈകല്യം തനിക്കുണ്ടെന്നും ഇത് അനുഭവിക്കേണ്ടി വന്നത് ഇങ്ങനെയൊരു ആചാരമുള്ളത് കൊണ്ട് മാത്രമാണെന്നും ഹര്‍ജിക്കാരി കോടതിയെ അറിയിച്ചു. അതുകൊണ്ട് ഹിന്ദു വിവാഹ നിയമത്തിലെ നാലും അഞ്ചും സെക്ഷന്‍ പ്രകാരം രക്തബന്ധങ്ങള്‍ക്കിടയിലെയോ, സപിണ്ഡ ബന്ധത്തിലെയോ വിവാഹങ്ങള്‍ മതിയായ ആരോഗ്യപരിരക്ഷകളില്ലാതെ നടത്തുന്നത് നിരോധിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇത്തരം വിവാഹത്തിന് തീരുമാനിക്കുന്നവര്‍ക്ക് കൗണ്‍സിലിങ്, ഭാവി തലമുറയ്ക്കുണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച ബോധവല്‍ക്കരണം നടത്തണമെന്നും സര്‍ട്ടിഫിക്കറ്റുള്‍പ്പടെ നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.