ജ്ഞാനേഷ് കുമാർ
ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ ഏകപക്ഷീയ നിലപാടിനെതിരായ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്ര സർക്കാരിനും സുപ്രീം കോടതി നോട്ടീസ്. ഒരാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നാണ് നിർദേശം. തീരുമാനങ്ങൾ എടുത്തത് നിയമപരം ആയിരുന്നില്ലെങ്കിൽ അവ റദ്ദാക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
പുതിയ വോട്ടർമാരെ ചേർക്കുന്നതിനായുള്ള ഫോം 6-ൽ 2025-ലും തുടർന്ന് 2026 ജൂലൈയിലും വരുത്തിയ മാറ്റങ്ങളുടെയും, ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യപ്പെട്ട മുഴുവൻ നയപരമായ തീരുമാനങ്ങളുടെയും പൂർണ രേഖകൾ സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
എന്നാൽ ജ്ഞാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി ഹൈക്കോടതി തള്ളി. കമ്മിഷന്‍റെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
സ്പെഷ്യൽ ഇന്‍റൻസീവ് റിവിഷനുമായി ബന്ധപ്പെട്ട 14 സുപ്രധാന നയപരമായ തീരുമാനങ്ങൾ മറ്റ് രണ്ട് കമ്മിഷണർമാരുടെയും വിയോജിപ്പുകൾ അവഗണിച്ച് കമ്മിഷന്‍റെ പേരിൽ സിഇസി ജ്ഞാനേഷ് കുമാർ സ്വന്തം നിലയിൽ ഏകപക്ഷീയമായി കൈക്കൊണ്ടുവെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് ഹർജികൾ സമർപ്പിക്കപ്പെട്ടത്.