തരുൺ തേജ്പാൽ
ന്യൂഡൽഹി: 2013ലെ ലൈംഗികാതിക്രമക്കേസിൽ തനിക്കെതിരായ ശിക്ഷ ചോദ്യം ചെയ്ത് മാധ്യമപ്രവർത്തകൻ തരുണ്‍ തേജ്പാൽ സുപ്രീം കോടതിയെ സമീപിച്ചു. ഓഗസ്റ്റ് ആറിന് ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെയാണ് അഭിഭാഷകൻ ആദിത്യ സമദ്ദാർ മുഖേന അപ്പീൽ സമർപ്പിച്ചത്.
അതേസമയം, തേജ്പാലിന് കൂടുതൽ കടുത്ത ശിക്ഷ വേണമെന്നാവശ്യപ്പെട്ട് ഗോവ സർക്കാരും നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസിന്‍റെ സ്വഭാവം കണക്കിലെടുത്ത് ജീവപര്യന്തം തടവ് നൽകണമെന്നാണ് സർക്കാരിന്‍റെ ആവശ്യം.
ബലാത്സംഗക്കേസിൽ തേജ്പാൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ബോംബെ ഹൈക്കോടതി 10 വർഷത്തെ കഠിന തടവ് വിധിച്ചിരുന്നു. അഞ്ച് വർഷം മുൻപ് വിചാരണക്കോടതി തേജ്പാലിനെ കുറ്റവിമുക്തനാക്കിയിരുന്നു. ഈ വിധി ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ഹൈക്കോടതി വിധിച്ച ശിക്ഷ കുറ്റത്തിന്‍റെ സ്വഭാവത്തിനും ഗൗരവത്തിനും ആനുപാതികമല്ലെന്നും വളരെ കുറഞ്ഞതാണെന്നും ഗോവ സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടി.
2013ൽ ഗോവയിൽ തെഹൽക്ക മാസിക സംഘടിപ്പിച്ച പരിപാടിക്കിടെ ഒരു ഹോട്ടൽ ലിഫ്റ്റിനുള്ളിൽ ജൂനിയർ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തെന്നാണ് തേജ്പാലിനെതിരായ കേസ്. തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു 62കാരനായ തേജ്പാലിന്‍റെ വാദം.