മമത ബാനർജി |സുപ്രീം കോടതി

 
India

മമത ബാനർജി വിഭാഗത്തിന് തിരിച്ചടി; നാല് ബാങ്ക് അക്കൗണ്ടുകൾ സജീവമാക്കാനുള്ള ഹർജി തള്ളി സുപ്രീം കോടതി

ടിഎംസിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം തെരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ചിട്ടുണ്ടെന്നും അതിനാൽ ബാങ്ക് അക്കൗണ്ടുകളിലുള്ള തുക ആർക്കാണ് അവകാശപ്പെട്ടതെന്ന വിഷയം നിലവിൽ പരിഗണനയിലാണെന്നും കോടതി ചൂണ്ടിക്കാട്ടി

Sarath Nath MS

ന്യൂഡൽഹി: മരവിപ്പിച്ച നാല് ബാങ്ക് അക്കൗണ്ടുകൾ സജീവമാക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് മമത ബാനർജി നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസ് (ടിഎംസി) വിഭാഗം നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.

ഹർജി സംബന്ധിച്ച് കോൽക്കത്ത ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ ഇടപെടാൻ താൽപര്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ടിഎംസിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം തെരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ചിട്ടുണ്ടെന്നും അതിനാൽ ബാങ്ക് അക്കൗണ്ടുകളിലുള്ള തുക ആർക്കാണ് അവകാശപ്പെട്ടതെന്ന വിശാലമായ വിഷയം നിലവിൽ പരിഗണനയിലാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

''കേസിന്‍റെ മെറിറ്റിലേക്ക് കടക്കുന്നതിൽ നിന്ന് ഞങ്ങൾ വിട്ടുനിൽക്കുന്നു. ഭരണഘടനയുടെ 136-ാം അനുച്ഛേദപ്രകാരമുള്ള അധികാരം വിനിയോഗിക്കാൻ ഞങ്ങൾ താൽപര്യപ്പെടുന്നില്ല. ഹർജിയിലെ വാദം ഹൈക്കോടതി വേഗത്തിൽ പരിഗണിക്കണമെന്ന് അഭ്യർഥിക്കുന്നു''- സുപ്രീം കോടതി പറഞ്ഞു.

ഓഗസ്റ്റ് 27ന് കോൽക്കത്ത ഹൈക്കോടതി ടിഎംസി വിഭാഗത്തിന്‍റെ ഇടക്കാല ഹർജി തള്ളിയിരുന്നു. പശ്ചിമ ബംഗാൾ പൊലീസ് മരവിപ്പിച്ച നാല് ബാങ്ക് അക്കൗണ്ടുകളിലായി ഏകദേശം 804 കോടി രൂപയാണുള്ളത്.

രാഷ്ട്രീയ പാർട്ടിയുടെ ദൈനംദിന ചെലവുകൾ നടത്താൻ അനുമതി നൽകിയ നേരത്തെയുള്ള ഉത്തരവ് നിലനിൽക്കെ, ഈ നാല് അക്കൗണ്ടുകൾ സജീവമാക്കാൻ അനുവദിക്കുന്നത് ആ ഉത്തരവിനെ ദുർബലപ്പെടുത്തുമെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

പൊതുമേഖലാ ബാങ്കുകളിലെ നാല് അക്കൗണ്ടുകൾ സജീവമാക്കാൻ അനുമതി നൽകണമെന്നായിരുന്നു ടിഎംസിയുടെ ആവശ്യം. അക്കൗണ്ടുകൾ മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട എഫ്ഐആറുകളിൽ നിയമപരമായ പോരായ്മകളുണ്ടെന്നും പാർട്ടി വാദിച്ചിരുന്നു.