file image
ന്യൂഡൽഹി: ബംഗ്ലാദേശിലേക്ക് മടങ്ങാനുള്ള നീക്കം സജീവമാക്കി ഷെയ്ഖ് ഹസീന. പുതിയ പാസ്പോർട്ടിനായി ഡൽഹിയിലെ ബംഗ്ലാദേശ് എംബസിയിൽ ഷെയ്ഖ് ഹസീന അപേക്ഷ നൽകി. ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഹസീനയുടെ പാസ്പോർട്ടും തിരിച്ചറിയൽ രേഖകളും മരവിപ്പിച്ചിരുന്നു.
ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് നേരത്തെ തന്നെ ഷെയ്ഖ് ഹസീന നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. തിരികെ രാജ്യത്തെത്തിയാൽ തന്നെ അറസ്റ്റു ചെയ്യുകയോ കൊല്ലുകയോ ചെയ്യുമെന്ന് അറിയാമെന്നും മരണം വന്നാൽ തന്‍റെ മാതാപിതാക്കളെ അടക്കം ചെയ്ത ആ മണ്ണിൽ തന്നെ ആവട്ടെ എന്നും നേരത്തെ ഹസീന പ്രതികരിച്ചിരുന്നു.
2024 ലെ വിദ്യാർഥി പ്രക്ഷോഭത്തോടെയാണ് 20 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയത്. പ്രക്ഷോഭം അടിച്ചമർത്താൻ സ്വീകരിച്ച നടപടികളുടെ പേരിൽ ബംഗ്ലാദേശ് കോടതി കഴിഞ്ഞ നവംബറിൽ ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു.
ഷെയ്ഖ് ഹസീനയുടെ തീരുമാനം ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യം വഷളാക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഹസീനയ്ക്ക് അഭയം നൽകിയതോടെ വഷളായ ഇന്ത്യ - ബംഗ്ലാദേശ് ബന്ധം മെച്ചപ്പെടുമെന്നും വിലയിരുത്തലുണ്ട്.