കപിൽ ശർമ
file image
ഒട്ടാവ: ഹാസ്യതാരം കപിൽ ശർമയുടെ ക്യാനഡയിലെ റെസ്റ്റോറന്‍റിന് നേരെയുണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. പണം തട്ടിയെടുക്കാനുള്ള ശ്രമവുമായി ബന്ധപ്പെട്ടാണ് വെടിവയ്പ്പെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
പ്രദീപ് സിങ് (22), സവീർ ഖാൻ (22) എന്നിവരെയാണ് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു വെടിവയ്പ് കേസിലും ഇരുവർക്കുമെതിരേ കുറ്റം ചുമത്തിയിട്ടുണ്ട്.
2025 ഒക്റ്റോബർ 16നാണ് ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ പ്രവർത്തിക്കുന്ന കപിൽ ശർമയുടെ റെസ്റ്റോറന്‍റിന് നേരെ വെടിവയ്പുണ്ടായത്. 2025 ജൂലൈയിൽ തുറന്നതിനുശേഷം മൂന്നാം തവണയാണ് സ്ഥാപനത്തിന് നേരെ വെടിവയ്പുണ്ടായത്. വെടിവയ്പ്പ് നടന്ന വേളയിൽ സ്ഥാപനത്തിൽ ജീവനക്കാർ ഉണ്ടായിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
അതേസമയം പ്രതികൾ നടത്തിയ മറ്റൊരു വെടിവയ്പ്പിൽ ഒരു സ്ത്രീക്ക് പരുക്കേറ്റിരുന്നു. കഴിഞ്ഞ ഒരു വർഷമായി നടത്തിയ വിപുലമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് ലോവർ മെയിൻലാൻഡ് ജില്ലാ ഓപ്പറേഷൻസ് ഓഫീസറും അസിസ്റ്റന്‍റ് ജില്ലാ കമാൻഡറുമായ ചീഫ് സൂപ്രണ്ട് ഡങ്കൻ പൗണ്ട് പറഞ്ഞു.