ഗോവയിൽ കടകൾക്കും മാളുകൾക്കും ഇനി 24 മണിക്കൂറും പ്രവർത്തിക്കാം

 
India

ഗോവയിൽ കടകൾക്കും മാളുകൾക്കും ഇനി 24 മണിക്കൂറും പ്രവർത്തിക്കാം; അനുമതി നൽകി സംസ്ഥാന സർക്കാർ

വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ള ഉപഭോക്താക്കൾക്ക് സാധാരണ വ്യാപാര സമയത്തിനപ്പുറവും സേവനം ലഭ്യമാക്കുകയാണ് തീരുമാനത്തിന്‍റെ ലക്ഷ്യം

Sarath Nath MS

പനാജി: ഗോവയിൽ കടകൾക്കും ഷോപ്പിങ് കോംപ്ലക്സുകൾക്കും മാളുകൾക്കും 24 മണിക്കൂറും പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. മൂന്ന് വർഷത്തേക്കാണ് അനുമതി. വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ള ഉപഭോക്താക്കൾക്ക് സാധാരണ വ്യാപാര സമയത്തിനപ്പുറവും സേവനം ലഭ്യമാക്കുകയാണ് തീരുമാനത്തിന്‍റെ ലക്ഷ്യം. ഉത്തരവ് പ്രാബല്യത്തിൽ വന്നു.

2025-ലെ ഗോവ ഷോപ്പ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ്സ് (തൊഴിൽ നിയന്ത്രണവും സേവന വ്യവസ്ഥകളും) നിയമപ്രകാരം ചൊവ്വാഴ്ച തൊഴിൽ വകുപ്പ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. നിയമത്തിലെ വ്യവസ്ഥകൾ പാലിക്കണമെന്ന നിബന്ധനയോടെയാണ് 24 മണിക്കൂർ പ്രവർത്തനത്തിന് അനുമതി നൽകിയിരിക്കുന്നത്. നിയമപരമായ വ്യവസ്ഥകളോ വിജ്ഞാപനത്തിലെ നിബന്ധനകളോ ലംഘിക്കുന്ന കടകൾക്കെതിരേ നടപടിയുണ്ടാകുമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാണ് ഗോവ. രാജ്യത്തിനകത്തും പുറത്തുനിന്നുമായി പ്രതിവർഷം ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഗോവയിൽ എത്തുന്നത്.