ട്രെയിൻ ടിക്കറ്റ് റീഫണ്ടിൽ ഒരു രൂപയുടെ കുറവ്; മലയാളിക്ക് 3100 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

 
file
India

ട്രെയിൻ ടിക്കറ്റ് റീഫണ്ടിൽ ഒരു രൂപയുടെ കുറവ്; മലയാളിക്ക് 3100 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

രണ്ടു വർഷം മുൻപെടുത്ത ട്രെയിൻ ടിക്കറ്റിനെ ചൊല്ലിയുള്ള തർകകത്തിനാണ് ഒടുവിൽ തീരുമാനമായിരിക്കുന്നത്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനുമായു‍ള്ള (ഐആർസിടിസി) നിയമയുദ്ധത്തിൽ വിജയിച്ച് മലയാളി. റദ്ദാക്കിയ ടിക്കറ്റിന്‍റെ പണം റീഫണ്ട് ചെയ്തപ്പോൾ ഒരു രൂപയുടെ കുറവുണ്ടായെന്ന് ചൂണ്ടിക്കാണിച്ച് നൽകിയ പരാതിയിൽ 3100 രൂപ നഷ്ടപരിഹാരം നൽകാനാണ് കാസർഗോഡ് ജില്ലാ കൺസ്യൂമർ കമ്മിഷൻ ഐആർസിടിസിയോട് ഉത്തരവിട്ടിരിക്കുന്നത്.

രണ്ടു വർഷം മുൻപെടുത്ത ട്രെയിൻ ടിക്കറ്റിനെ ചൊല്ലിയുള്ള തർകകത്തിനാണ് ഒടുവിൽ തീരുമാനമായിരിക്കുന്നത്. 2024 ഓഗസ്റ്റ്20ലെ യാത്രയ്ക്കു വേണ്ടി ഓഗസ്റ്റ് 11നാണ് 553 രൂപ നൽകി എസി ത്രീ ടയർ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തത്. യാത്ര തുടങ്ങുന്നതിനും 48 മണിക്കൂർ മുൻപേ ഓഗസ്റ്റ് 17ന് ടിക്കറ്റ് ക്യാൻസൽ ചെയ്തു. നിയമം പ്രകാരം 180 രൂപ ക്യാൻസലേഷൻ ചാർജ്, 5 ശതമാനം ജിഎസ്ടിയായി 9 രൂപയും പിടിച്ചതിനു ശേഷം 341 രൂപയാണ് ഐആർസിടിസി തിരിച്ചു തരേണ്ടിയിരുന്നത്. എന്നാൽ 340 രൂപയേ റീഫണ്ട് ആയി ലഭിച്ചിരുന്നുള്ളൂ.

ഈ സംഭവം ഐആർസിടിയിൽ ഉള്ള തന്‍റെ വിശ്വാസ്യത തകർത്തുവെന്നും മാനസിക സംഘർഷം ഉണ്ടാക്കിയെന്നും കാണിച്ചാണ് കൺസ്യൂമർ കമ്മിഷനെ സമീപിച്ചത്. തനിക്കുണ്ടായ ആശങ്കയുടെ പേരിൽ 1 ലക്ഷം രൂപയും വിശ്വാസം തകർത്തതിന്‍റെ പേരിൽ 1 ലക്ഷം രൂപയും കോടതി ചെലവുകൾക്കായി 5000 രൂപയും റീഫണ്ടിൽ കുറവുണ്ടായിരുന്നു ഒരു രൂപയും ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരുന്നത്. എന്നാൽ ഒരു രൂപയുടെ കുറവു വരുത്തിയതിനെ ഒരിക്കലും ന്യായീകരിക്കാൻ ശ്രമിക്കുന്നില്ലെന്ന് ഐആർസിടിസി കോടതിയെ അറിയിച്ചു. തുടർന്നാണ് കമ്മിഷൻ100 രൂപ നഷ്ടപരിഹാരവും ചെലവ് 3000 രൂപയും ഉൾപ്പെടെ 3100 രൂപ നൽകാൻ ഉത്തരവിട്ടത്.