ഗായകൻ സുബിൻ ഗാർഗിന്‍റെ മരണം; ഉത്തരവാദികളായവർക്ക് ശിക്ഷ ഉറപ്പാക്കണം, സെക്രട്ടേറിയറ്റിനു മുന്നിൽ മനുഷ‍്യചങ്ങല
ദിസ്പുർ: ഇന്ത‍്യൻ ഗായകൻ സുബിൻ ഗാർഗിന്‍റെ മരണത്തിന് ഉത്തരവാദികളായവർക്ക് ശിക്ഷ ഉറപ്പാക്കണമെന്ന ആവശ‍്യവുമായി 100ലധികം ആളുകൾ അസം സെക്രട്ടേറിയറ്റിനു മുന്നിൽ ഒത്തുകൂടി മനുഷ‍്യചങ്ങല തീർക്കാൻ ശ്രമിച്ചു. എന്നാൽ പൊലീസ് ഇവരെ തടയുകയും പ്രതിഷേധ പ്രകടനം നടത്താൻ അനുവദിക്കാതെ ബസുകളിൽ കയറ്റികൊണ്ടുപോകുകയുമായിരുന്നു.
സുബിൻ ഗാർഗിന് നീതി ലഭിക്കാൻ സെക്രട്ടേറിയറ്റിനു മുന്നിൽ ഒത്തുകൂടി മനുഷ‍്യചങ്ങല തീർക്കണമെന്ന് ശിവസാഗർ എംഎൽഎ അഖിൽ ഗൊഗോയ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സെക്രട്ടേറിയറ്റിനു മുന്നിൽ ആളുകൾ തടിച്ചുകൂടിയത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 19നാണ് ഗായകൻ സുബിൻ ഗാർഗിനെ സിംഗപ്പുരിൽ വച്ച് ദുരൂഹസാഹചര‍്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നോർത്ത് ഈസ്റ്റ് ഇന്ത‍്യ ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.