തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് ഇന്ത്യാ സഖ്യത്തിലെ എംപിമാരുടെ മാർച്ച് ചൊവ്വാഴ്ച

 
India

ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് ഇന്ത്യാ സഖ്യത്തിലെ എംപിമാരുടെ മാർച്ച്; മുൾമുനയിൽ രാജ്യതലസ്ഥാനം

എസ്‌ഐആർ നടപടിയെക്കുറിച്ചുള്ള ആശങ്കകൾ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അറിയിക്കുമെന്നും ഇന്ത്യാ സഖ്യം അറിയിച്ചു

Sarath Nath MS

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് ഇന്ത്യാ സഖ്യത്തിന്‍റെ മാർച്ച് ആരംഭിച്ചു. ഇന്ത്യാ സഖ്യത്തിലെ എംപിമാർ പാർലമെന്‍റിൽ നിന്നാണ് ചൊവ്വാഴ്ച രാവിലെ മാർച്ച് തുടങ്ങിയത്. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവരാണ് മാർച്ചിന് നേതൃത്വം നൽകുന്നത്.

അതേസമയം മാർച്ച് അനുവദിക്കില്ലെന്ന കടുത്ത നിലപാടാണ് ഡൽഹി പൊലീസ് സ്വീകരിച്ചിരിക്കുന്നത്. ആകാശവാണി ഭവന് മുൻപിൽ വച്ച് പൊലീസ് മാർച്ച് തടഞ്ഞിരിക്കുകയാണ്. ഇതോടെ റോഡിൽ കുത്തിയിരുന്നത് പ്രതിഷേധിക്കുകയാണ് രാഹുലും ഖാർഗെയും അടക്കമുള്ളവർ. എൻസിപി നേതാവ് സുപ്രിയ സുലെ, ഡിഎംകെ നേതാവ് കനിമൊഴി തുടങ്ങിയവരും സമരത്തിലുണ്ട്.

വോട്ടർപട്ടിക പരിഷ്കരണത്തിൽ ക്രമക്കേടുണ്ടെന്നാരോപിച്ച് നിരവധി സംഘടനകളും പ്രതിപക്ഷ പാർട്ടികളും ദേശീയ തലസ്ഥാനത്ത് പ്രതിഷേധങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. എസ്‌ഐആർ നടപടിയെക്കുറിച്ചുള്ള ആശങ്കകൾ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അറിയിക്കുമെന്നും ഇന്ത്യാ സഖ്യം അറിയിച്ചു.

സെപ്റ്റംബർ 30ന് ചേർന്ന 19 പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിന് ശേഷമാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ഇതോടെ തെരെഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിനും മറ്റ് സെൻസിറ്റീവ് കേന്ദ്രങ്ങൾക്കും ചുറ്റും സുരക്ഷാ വിന്യാസം വർധിപ്പിച്ചു. ഗതാഗതം നിയന്ത്രിക്കുന്നതിനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനുമായി സുരക്ഷാ ഉദ്യോഗസ്ഥരെ വിവിധയിടങ്ങളിൽ വിന്യസിച്ചു.

എസ്‌ഐആർ നടപടിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെ രൂക്ഷ വിമർശനമാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ നേരിടുന്നത്. എന്നാൽ കമ്മിഷനിലെ മൂന്ന് അംഗങ്ങൾക്കിടയിൽ ഭിന്നതയുണ്ടെന്ന ആരോപണം തെരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയിട്ടുണ്ട്. എസ്‌ഐആറുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഏകകണ്ഠമായാണ് എടുത്തതെന്നും കമ്മിഷൻ വ്യക്തമാക്കി.