ഇനി മുതൽ ദിവസവും ആറ് ഷോ; തമിഴ്നാട് സർക്കാരിനെ വാഴ്ത്തി തിയെറ്റർ ഉടമകൾ

 
India

ഇനി മുതൽ ദിവസവും ആറ് ഷോ; തമിഴ്നാട് സർക്കാരിനെ വാഴ്ത്തി തിയെറ്റർ ഉടമകൾ

കർണാടക, കേരളം ആന്ധ്രപ്രദേശ് , തെലങ്കാന എന്നിവിടങ്ങളിലെല്ലാം പുലർച്ചെ 6 മണി മുതൽ ഷോ നടത്താൻ അനുമതിയുണ്ട്

നീതു ചന്ദ്രൻ

തിരുപ്പുർ: ദിവസം ആറു ഷോ വരെ നടത്താനുള്ള അനുമതി നൽകിയ തമിഴ്നാട് സർക്കാരിനെ പ്രശംസിച്ച് തിയെറ്റർ, മൾട്ടിപ്ലക്സ് ഉടമകളുടെ അസോസിയേഷൻ. രാവിലെ 6 മണി മുതൽ ഷോ നടത്താനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. ഇതു തങ്ങൾക്കു ലഭിച്ച ദീപാവലി സമ്മാനമാണെന്നും അസോസിയേഷൻ പ്രസിഡന്‍റ് തിരുപുർ സുബ്രഹ്മണ്യം പറഞ്ഞു. പ്രധാന ഉത്സവകാലങ്ങളിലെല്ലാം ആറു ഷോകൾ നടത്താൻ അനുമതി നൽകണമെന്ന് തിയെറ്റർ ഉടമകളുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു.

കർണാടക, കേരളം ആന്ധ്രപ്രദേശ് , തെലങ്കാന എന്നിവിടങ്ങളിലെല്ലാം പുലർച്ചെ 6 മണി മുതൽ ഷോ നടത്താൻ അനുമതിയുണ്ടെന്നും അസോസിയേഷൻ ചൂണ്ടിക്കാണിച്ചിരുന്നു. തമിഴ്നാട്ടിലെ തിയെറ്ററുകളിൽ 9 മണിക്ക് ഷോ തുടങ്ങുമ്പോഴേക്കും മറ്റ് സംസ്ഥാനങ്ങളിലുള്ളവർ സിനിമ കണ്ട് തീർന്നിട്ടുണ്ടാകുമെന്ന അവസ്ഥയായിരുന്നു ഇതു വരെ. ആദ്യ ഷോക്കു ശേഷമുള്ള റിവ്യുകളും ഫാൻസിന്‍റെ അഭിപ്രായങ്ങളുമെല്ലാം തിയെറ്ററിലേക്കെത്തുന്ന പ്രേക്ഷകരുടെ എണ്ണത്തെ കാര്യമായി ബാധിക്കും.

ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ചു കൊണ്ട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്ക് അപേക്ഷ നൽകിയിരുന്നു. അദ്ദേഹം ഇക്കാര്യത്തിൽ അടിയന്തരമായി നടപടി സ്വീകരിക്കുകയും ചെയ്തുവെന്നും സുബ്രഹ്മണ്യൻ പറയുന്നു.