സോനം വാങ്ചുക്
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടു കൊണ്ടുള്ള സിജെപി പ്രക്ഷോഭത്തിൽ സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്ക് പങ്കെടുക്കില്ല. ശൈത്യ കാലം അടുക്കുന്നതിനാൽ ജല സുരക്ഷ ഉറപ്പാക്കാനും ഹിമാനികൾ ഉരുകി വെള്ളപ്പൊക്കം ഉണ്ടാകുന്നതു മൂലമുള്ള പ്രശ്നങ്ങളും പ്രതിരോധിക്കുന്നതിനുമുള്ള ജോലികളിലാണ് താനെന്നാണ് വാങ്ചുക്ക് എക്സിലൂടെ വ്യക്തമാക്കിയത്.
ജലലഭ്യത ഉറപ്പാക്കുന്നതിനായി കൃത്രിമ ഹിമാനികൾ ഉണ്ടാക്കുന്നതിനുള്ള പരീക്ഷണങ്ങൾ നടക്കുകയാണ്. ഹിമാലയൻ മേഖലയിൽ 200 ലധികം മഞ്ഞുമലകൾ ഉരുകിയുണ്ടാകുന്ന തടാകങ്ങൾ ഭീഷണിയിലാണെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ലോകത്ത് രാഷ്ട്രീയപരമായ ദുഃഖങ്ങൾക്കപ്പുറം മറ്റ് ദുഃഖങ്ങളുമുണ്ട്, ഒത്തുചേരലിൽ നിന്നുള്ള ആശ്വാസത്തിനപ്പുറം മറ്റ് ആശ്വാസങ്ങളുമുണ്ട്.. എന്ന് അർഥം വരുന്ന ഒരു കവിതയും അദ്ദേഹം പങ്കു വച്ചു.
പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവർക്കെല്ലാം ആശംസ നേരുന്നുവെന്നും ജെൻസി സുഹൃത്തുക്കൾ എല്ലാം എന്തു വില കൊടുത്തും സമാധാനപരമായി പ്രക്ഷോഭം നടത്തണമെന്നും ബാപു നൽകിയ ആ സമ്മാനമാണ് താൻ ജൂണിൽ ജന്തർ മന്തറിൽ എത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സിജെപി ആഹ്വാനം ചെയ്ത പ്രക്ഷോഭത്തിൽ വാങ്ചുക്ക് സജീവമായി പങ്കെടുത്തിരുന്നു. പ്രധാന്‍റെ രാജിക്കു വേണ്ടി നിരാഹര സമരവും നടത്തിയിരുന്നു.