സോണിയ ഗാന്ധി
ന്യൂഡൽഹി: ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുകയും വർഗീയ പ്രീണന രാഷ്ട്രീയം നടത്തുകയും ചെയ്തെന്നാരോപിച്ച് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി മാപ്പ് പറയണമെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി). സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പായ 'ബിലോംഗിങ്: എ ജേർണി ഓഫ് ലവ്' പുറത്തിറങ്ങിയ വേളയിലാണ് വിഎച്ച്പിയുടെ ആവശ്യം.
മുസ്ലിം വോട്ട് ബാങ്കിനെ ആകർഷിക്കാനായി സോണിയ ഗാന്ധി ദുഃഖം പ്രകടിപ്പിക്കുന്നതായി നടിക്കുകയാണെന്നും മുതലക്കണ്ണീരും തെരഞ്ഞെടുപ്പ് കാലത്തെ കണ്ണീരുമാണ് അവർ പൊഴിക്കുന്നതെന്നും വിഎച്ച്പി കേന്ദ്ര ജോയിന്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയ്ൻ ആരോപിച്ചു.
ഹിന്ദുക്കൾ അതിക്രമങ്ങൾക്കും കൂട്ടക്കൊലകൾക്കും ഇരയാകുമ്പോൾ മൗനം പാലിക്കുന്ന സോണിയ ഗാന്ധി, മുസ്ലിങ്ങളായ ഭീകരർക്കോ അധിനിവേശക്കാർക്കോ എതിരെ നടപടിയുണ്ടാകുമ്പോൾ മാത്രം ആശങ്ക പ്രകടിപ്പിക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ബാബറി കെട്ടിടം തകർത്തതിൽ സോണിയ ഗാന്ധി ദുഃഖം പ്രകടിപ്പിച്ചെങ്കിലും ഡൽഹി സ്ഫോടനങ്ങൾക്ക് ഉത്തരവാദികളായ ഭീകരർ ഒളിച്ചിരുന്ന ബട്ല ഹൗസ് ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ് പിന്നീട് മരിച്ച പൊലീസ് ഉദ്യോഗസ്ഥൻ മോഹൻ ശർമയുടെ ത്യാഗത്തെക്കുറിച്ച് അവർ മൗനം പാലിച്ചെന്നും ജെയ്ൻ ആരോപിച്ചു.
കശ്മീരിൽ ഹിന്ദുക്കൾ കൂട്ടക്കൊല ചെയ്യപ്പെട്ടപ്പോഴും 350-ലധികം ക്ഷേത്രങ്ങൾ തകർക്കപ്പെട്ടപ്പോഴും സോണിയ ഗാന്ധി പ്രതികരിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഡൽഹിയിലെ ഗോവധവിരുദ്ധ പ്രക്ഷോഭത്തിനിടെ സന്യാസിമാർ കൊല്ലപ്പെട്ടപ്പോഴും നിരായുധരായ കർസേവകർ കൊല്ലപ്പെട്ടപ്പോഴും സോണിയ ദുഃഖം പ്രകടിപ്പിച്ചിരുന്നോയെന്നും ജെയ്ൻ ചോദിച്ചു.
ബസ്തറിൽ നക്സലൈറ്റുകൾ കോൺഗ്രസ് നേതാക്കളെ കൊലപ്പെടുത്തിയപ്പോഴും പഹൽഗാമിൽ മതം ചോദിച്ചശേഷം ഹിന്ദു വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയപ്പോഴും സോണിയ ഗാന്ധിയുടെ കണ്ണീർ എവിടെയായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. ബംഗ്ലാദേശ്, പാക്കിസ്ഥാൻ, പശ്ചിമ ബംഗാൾ, കേരളം എന്നിവിടങ്ങളിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ ഉണ്ടായപ്പോഴുള്ള സോണിയ ഗാന്ധിയുടെ പ്രതികരണവും അദ്ദേഹം ചോദ്യം ചെയ്തു.
മുസ്ലിങ്ങളെ പ്രീണിപ്പിക്കാൻ ഹിന്ദുക്കളെയും സൈനികരുടെ ത്യാഗങ്ങളെയും അപമാനിക്കുന്ന സോണിയ ഗാന്ധിയുടെയും അനുയായികളുടെയും പ്രസ്താവനകളെ ശക്തമായി അപലപിക്കുന്നതായും അവർ മാപ്പ് പറയണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.