ബാബ്റി മസ്ജിദ് തകർക്കുന്ന ദൃശ്യം ടിവിയിൽ കണ്ട് കരഞ്ഞു പോയെന്ന് സോണിയ ഗാന്ധി.
ന്യൂഡൽഹി:1992-ൽ ബാബറി മസ്ജിദ് തകർക്കപ്പെടുന്നത് ടെലിവിഷനിലൂടെ കണ്ടപ്പോൾ താൻ പൊട്ടിക്കരഞ്ഞുപോയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. രാജ്യത്തിന്‍റെ മതേതരത്വത്തിന് ഏറ്റ വലിയ ആഘാതമായിരുന്നു അതെന്നും, മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്റുവും കെട്ടിപ്പടുത്ത മതേതര ഇന്ത്യയ്ക്കായുള്ള നീണ്ടൊരു പോരാട്ടത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് അന്ന് തനിക്ക് മനസിലായെന്നും ബ്രിട്ടീഷ് മാധ്യമമായ 'ദി ഗാർഡിയന്' നൽകിയ അഭിമുഖത്തിൽ അവർ വെളിപ്പെടുത്തി.
രാജ്യത്ത് തീവ്ര ഹിന്ദു ദേശീയതയുടെയും ബിജെപിയുടെയും വളർച്ചയ്ക്ക് കോൺഗ്രസ് പാർട്ടിക്ക് ഭാഗികമായ ഉത്തരവാദിത്വമുണ്ടെന്നും സോണിയ ഗാന്ധി തുറന്നസമ്മതിച്ചു. പല കാര്യങ്ങളിലും പാർട്ടി അമിതമായ നിസംഗതയും അലസമായ സമീപനവുമാണ് പുലർത്തിയതെന്നും അവർ കൂട്ടിച്ചേർത്തു.
സോണിയ ഗാന്ധിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ബിജെപിയും കടുത്ത പ്രതിരോധവുമായി രംഗത്തെത്തി. സോണിയ ഗാന്ധി ബാബറി മസ്ജിദിനും ബട്‌ല ഹൗസ് ഏറ്റുമുട്ടലിനും വേണ്ടി കണ്ണീർ പൊഴിച്ചത് കോൺഗ്രസിന്‍റെ ഹിന്ദു വിരുദ്ധ മുഖമാണ് വെളിപ്പെടുത്തുന്നതെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി എക്സിൽ കുറിച്ചു.
ബാബർ ഇപ്പോഴും കോൺഗ്രസിന്‍റെ ഹൃദയത്തിലുണ്ടെന്ന് ബിജെപി വക്താവ് സുധാംശു ത്രിവേദി വാർത്താസമ്മേളനത്തിലും ആരോപിച്ചു. ബാബറി മസ്ജിദ് തകർക്കുന്നത് ടിവിയിലൂടെ കണ്ടുവെന്ന സോണിയ ഗാന്ധിയുടെ അവകാശവാദത്തെയും ബിജെപി ചോദ്യം ചെയ്തു. അന്നത്തെ കാലത്ത് ഏത് ഇന്ത്യൻ ടെലിവിഷൻ ചാനലാണ് ഇത് തത്സമയം സംപ്രേഷണം ചെയ്തതെന്നു വ്യക്തമാക്കണമെന്നും ത്രിവേദി ആവശ്യപ്പെട്ടു.
ഉത്തർപ്രദേശിലെ അയോധ്യയിൽ 16-ാം നൂറ്റാണ്ടിൽ നിർമിച്ച ബാബറി മസ്ജിദ് 1992 ഡിസംബർ 6നാണ് തീവ്ര വലതുപക്ഷ ഹിന്ദു ദേശീയവാദികൾ തകർക്കുന്നത്. അവിടെയുണ്ടായിരുന്ന പഴയ ക്ഷേത്രത്തിന്‍റെ അവശിഷ്ടങ്ങൾ ചൂണ്ടിക്കാട്ടി ബിജെപിയുടെ നേതൃത്വത്തിൽ നടന്ന ആ നീക്കം രാജ്യത്ത് വലിയ വർഗീയ സംഘർഷങ്ങൾക്ക് കാരണമായിരുന്നു. തുടർന്ന് വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിൽ, ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അതേ സ്ഥലത്ത് നിർമിച്ച പുതിയ രാമക്ഷേത്രം 2024-ൽ ഉദ്ഘാടനം ചെയ്യപ്പെടുകയും ചെയ്തു.