Sonia Gandhi 

file image

India

"അടിയന്തരാവസ്ഥ ഒരു ഇരുണ്ട അധ്യായമായിരുന്നു, പക്ഷേ ഇന്ദിര പിന്നീടതിൽ ഖേദം പ്രകടിപ്പിച്ചത് ആരും മറക്കരുത്"; സോണിയ ഗാന്ധി

അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ ഇന്ദിരാ ഗാന്ധിയെ പ്രേരിപ്പിച്ചത് അക്കാലത്തുണ്ടായ അസാധാരണമായ രാഷ്ട്രീയ സാഹചര്യങ്ങളായിരുന്നു

Namitha Mohanan

ന്യൂഡൽഹി: 1975-ലെ അടിയന്തരാവസ്ഥ ഇന്ത്യൻ ചരിത്രത്തിലെ ഒരു ഇരുണ്ട അധ്യായമായിരുന്നെന്ന് സമ്മതിച്ച് സോണിയ ഗാന്ധി. അടിയന്തരാവസ്ഥക്കാലത്തുണ്ടായ അതിക്രമങ്ങളുടെയും അമിതാധികാര പ്രയോഗങ്ങളുടെയും പൂർണ ഉത്തരവാദിത്തം സഞ്ജയ് ഗാന്ധിയുടേത് മാത്രമാണെന്ന് കരുതുന്നില്ലെന്നും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് മുതിർന്ന സഹപ്രവർത്തകരിൽ ചിലരിൽ നിന്ന് വലിയ സമ്മർദമുണ്ടായിരുന്നുവെന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സോണിയ പറ‍യുന്നു.

അടിയന്തരാവസ്ഥയെ "ജനാധിപത്യവിരുദ്ധവും ഏകാധിപത്യപരവുമായ ഒരു കാലഘട്ടം" എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലേ എന്ന ചോദ്യത്തിന്, 'ജനാധിപത്യ അവകാശങ്ങൾ ഹനിക്കപ്പെട്ടിരുന്നു' എന്ന് സോണിയ മറുപടി നൽകി. എന്നാൽ ഇതൊക്കെ ഭരണഘടനാപരമായ ചട്ടക്കൂടിനുള്ളിൽ നിന്നാണ് നടന്നതെന്നും പിൽക്കാലത്ത് തന്‍റെ ഭർതൃ മാതാവായ ഇന്ദിരാ ഗാന്ധി പരസ്യമായി ഖേദം പ്രകടിപ്പിച്ചിരുന്നതായും സോണിയ പറഞ്ഞു.

അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ ഇന്ദിരാ ഗാന്ധിയെ പ്രേരിപ്പിച്ചത് അക്കാലത്തുണ്ടായ അസാധാരണമായ രാഷ്ട്രീയ സാഹചര്യങ്ങളായിരുന്നു. കോൺഗ്രസിലെ തന്നെ മുതിർന്ന ചില നേതാക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും ഇതിനായി കടുത്ത സമ്മർദമുണ്ടായിരുന്നു. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിൽ ഇന്ദിരാ ഗാന്ധി ഒട്ടും സന്തുഷ്ടയോ കംഫർട്ടബിളോ ആയിരുന്നില്ല എന്ന് സോണിയ ഗാന്ധി വ്യക്തമാക്കുന്നു.

അടിയന്തരാവസ്ഥ ഒരു തെറ്റായിരുന്നു എന്ന് ഇന്ദിരയ്ക്ക് പിന്നീട് തോന്നിയിരുന്നു. ജനാധിപത്യത്തിൽ വിശ്വസിച്ചിരുന്ന അവർ, അടിയന്തരാവസ്ഥ നീട്ടി കൊണ്ടുപോകാൻ ആഗ്രഹിക്കാത്തതു കൊണ്ടാണ് ഇന്ദിര തന്നെയാണ് 1977-ൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്ന് മറക്കരുതെന്നും സോണിയ ചൂണ്ടിക്കാണിക്കുന്നു.

അടിയന്തരാവസ്ഥ ജനാധിപത്യത്തിന് ഏൽപ്പിച്ച ആഘാതത്തെ അംഗീകരിക്കുമ്പോൾ തന്നെ, അത് ഇന്ദിരാ ഗാന്ധി മനഃപൂർവം ചെയ്ത ഒന്നല്ലെന്ന വാദത്തിലേക്കാണ് സോണിയ എത്തുന്നത്. നവംബർ 10 ന് സോണിയ ഗാന്ധിയുടെ ആത്മകഥ ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ് ലോകമെമ്പാടും പുറത്തിറങ്ങാനിരിക്കെയാണ് സോണിയയുടെ പ്രതികരണം.