സോണിയ ഗാന്ധി

 
India

പൗരത്വം ലഭിക്കും മുൻപേ സോണിയയുടെ പേര് വോട്ടർ പട്ടികയിൽ; കോടതിയിൽ റിപ്പോർട്ടു നൽകി ഡൽഹി പൊലീസ്

1983 ഏപ്രിലിലാണ് സോണിയ ഇന്ത്യന്‍ പൗരത്വം നേടിയത്

Namitha Mohanan

ന്യൂഡല്‍ഹി: 1980ല്‍ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് ഇന്ത്യന്‍ പൗരത്വം ഇല്ലായിരുന്നെങ്കിലും അന്ന് വോട്ടര്‍ പട്ടികയില്‍ അവരുടെ പേരുണ്ടായിരുന്നുവെന്നു ഡല്‍ഹി പൊലീസ് ശനിയാഴ്ച സമര്‍പ്പിച്ച 'ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടില്‍' (എടിആര്‍) വ്യക്തമാക്കി. 1983 ഏപ്രിലിലാണ് സോണിയ ഇന്ത്യന്‍ പൗരത്വം നേടിയത്. ജില്ലാ മജിസ്ട്രേറ്റും (ഡിഎം) ആഭ്യന്തര മന്ത്രാലയവും (എംഎച്ച്എ) ഈ വിവരങ്ങള്‍ സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചു.

റൗസ് അവന്യൂ കോടതിയിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (എസിജെഎം) വിനോദ് ജോഷിക്ക് മുന്‍പാകെ തുഗ്ലക്ക് റോഡ് പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്റ്റര്‍ യശ്വന്താണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഡല്‍ഹി ചീഫ് ഇലക്ഷന്‍ ഓഫിസര്‍ക്ക് (സിഇഒ) നോട്ടിസ് നല്‍കിയിട്ടുണ്ടെന്നും, അതിനുള്ള മറുപടിക്കായി കാത്തിരിക്കുകയാണെന്നും പൊലീസ് റിപ്പോര്‍ട്ട് പറയുന്നു. അതിനാല്‍, അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും എസിജെഎമ്മിനെ അറിയിച്ചു.

1983 ഏപ്രിലില്‍ ഇന്ത്യന്‍ പൗരത്വം നേടുന്നതിന് ഏകദേശം മൂന്ന് വര്‍ഷം മുമ്പ് 1980ല്‍, സോണിയ ഗാന്ധിയുടെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നുവെന്നാണ് ആരോപണം. പരാതിക്കാരന്‍ അഭിഭാഷകന്‍ വികാസ് ത്രിപാഠിയാണ്. ആരോപണങ്ങളില്‍ നടപടി ആവശ്യപ്പെട്ടുകൊണ്ട് 2025 ഓഗസ്റ്റ് 24നാണ് ത്രിപാഠി ഹര്‍ജി സമര്‍പ്പിച്ചത്. വിഷയം റൗസ് അവന്യൂ കോടതിയുടെ പരിഗണനയിലാണ്. അഭിഭാഷകന്‍ സമര്‍പ്പിച്ച പരാതിയും അതിനെ പിന്തുണയ്ക്കുന്ന രേഖകളും കോടതി പരിശോധിച്ചുവരികയാണ്.

തന്‍റെ ആരോപണങ്ങളെ സാധൂകരിക്കുന്നതിനായി 1980, 1981, 1983 എന്നീ വര്‍ഷങ്ങളിലെ വോട്ടര്‍ പട്ടികകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ പരാതിക്കാരന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.എന്നാല്‍ വോട്ടര്‍ പട്ടികകളുടെ സാക്ഷ്യപ്പെടുത്തിയ അസ്സല്‍ പകര്‍പ്പുകള്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ മജിസ്ട്രേറ്റ് ത്രിപാഠിയോട് നിര്‍ദേശിച്ചിരിക്കുകയാണ്.