സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പ് ബ്ലിങ്കിറ്റിൽ

 
India

സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പ് ബ്ലിങ്കിറ്റിൽ; ഓർ‌ഡർ ചെയ്താൽ 10 മിനിട്ടിനകം കൈയ്യിലെത്തും

1,299 രൂപ വിലയുള്ള ഹാർഡ്കവർ പതിപ്പ് 35 ശതമാനം ഡിസ്കൗണ്ടിൽ 849 രൂപയ്ക്കാണ് ബ്ലിങ്കിറ്റ് വിൽപ്പനയ്ക്ക് ലഭ്യമാക്കിയിട്ടുള്ളത്

Sarath Nath MS

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പ് 'ബിലോങിങ്: എ ജേണി ഓഫ് ലവ്' ഇൻസ്റ്റന്‍റ് ഡെലിവെറി പ്ലാറ്റ്ഫോമായ ബ്ലിങ്കിറ്റിൽ. 1,299 രൂപ വിലയുള്ള ഹാർഡ്കവർ പതിപ്പ് 35 ശതമാനം ഡിസ്കൗണ്ടിൽ 849 രൂപയ്ക്കാണ് ബ്ലിങ്കിറ്റ് വിൽപ്പനയ്ക്ക് ലഭ്യമാക്കിയിട്ടുള്ളത്. സെൻട്രൽ ഡൽഹിയിൽ എട്ട് മിനിട്ടിൽ ഡെലിവെറി ചെയ്യുമെന്നാണ് ബ്ലിങ്കിറ്റ് അവകാശപ്പെടുന്നത്.

സൗത്ത് ഡൽഹിയിലെ ചില പ്രദേശങ്ങളിൽ 'സ്റ്റോക്കില്ല, ഉടൻ ലഭ്യമാകും' എന്ന അറിയിപ്പാണ് ബ്ലിങ്കിറ്റ് നൽകിയിരിക്കുന്നത്. അതേസമയം, മറ്റൊരു പ്രമുഖ ഓൺലൈൻ ഡെലിവെറി പ്ലാറ്റ്ഫോമായ ആമസോൺ പുസ്തകം ലഭിക്കാൻ 48 മണിക്കൂർ വരെ വേണ്ടിവരുമെന്നാണ് അറിയിച്ചിരിക്കുന്നത്.

പുസ്തകത്തിന്‍റെ ഔദ്യോഗിക പ്രകാശനത്തോടനുബന്ധിച്ചാണ് ബ്ലിങ്കിറ്റിലെ വിൽപ്പനയും ശ്രദ്ധേയമായത്. ഹാർപർകോളിൻസ് ഇന്ത്യ പ്രസിദ്ധീകരിച്ച പുസ്തകം ചൊവ്വാഴ്ച രാവിലെ 10 മുതൽ രാജ്യത്തെ തെരഞ്ഞെടുത്ത പുസ്തകശാലകളിലും റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ലഭ്യമായി. ഡൽഹിയിലെ ബഹ്‌രിസൺസ്, മിഡ്‌ലാൻഡ്, ചെന്നൈയിലെ ഹിഗിൻബോത്തംസ്, വിവിധ സംസ്ഥാനങ്ങളിലെ ക്രോസ്‌വേഡ് ശാഖകൾ എന്നിവിടങ്ങളിലാണ് വിൽപ്പന ആരംഭിച്ചത്.

നേരത്തേ ആപ്പിളിന്‍റെ പുതിയ ഐഫോൺ മോഡലുകൾ ഉൾപ്പെടെയുള്ള വിലകൂടിയ ഇലക്ട്രോണിക് ഉപകരണങ്ങളും ബ്ലിങ്കിറ്റ് അതിവേഗ ഡെലിവറി സംവിധാനത്തിലൂടെ ലഭ്യമാക്കിയിരുന്നു. തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ ലഭ്യതയ്ക്കും സേവനപരിധിക്കും അനുസരിച്ച് 10 മിനിറ്റിനുള്ളിൽ ഇവ എത്തിക്കാനായിരുന്നു നീക്കം. പ്രീമിയം ഉൽപ്പന്നങ്ങളിലേക്കും പ്രത്യേക വിഭാഗങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ച് ഡെലിവറി വേഗതയുടെ മുൻതൂക്കം പ്രയോജനപ്പെടുത്താനാണ് ക്വിക്ക് കൊമേഴ്‌സ് കമ്പനികളുടെ ശ്രമം.

സൊമാറ്റോയുടെ ഉടമസ്ഥതയിലുള്ള ബ്ലിങ്കിറ്റ് ഇന്ത്യയിലെ പ്രമുഖ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൊന്നാണ്. പലചരക്ക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ, പുസ്തകങ്ങൾ എന്നിവയാണ് പ്രധാനമായും വിതരണം ചെയ്യുന്നത്.

2013ൽ ഗ്രോഫേഴ്സ് എന്ന പേരിൽ ആരംഭിച്ച കമ്പനി 2021ലാണ് ബ്ലിങ്കിറ്റ് എന്ന് പുനർനാമകരണം ചെയ്തത്. 2022ൽ സൊമാറ്റോ കമ്പനി ഏറ്റെടുത്തു.