Sonia Gandhi 
India

പ്രധാനമന്ത്രി പദം ഏറ്റെടുക്കാൻ ആദ്യം സമ്മതിച്ചു, പിന്നീട് നിലപാട് മാറ്റി; കാരണം പറഞ്ഞ് സോണിയ ഗാന്ധി

"പ്രധാനമന്ത്രി പദം ഏറ്റെടുക്കാൻ സഖ്യകക്ഷി നേതാക്കളിൽ നിന്ന് കടുത്ത സമ്മർദം നേരിടേണ്ടി വന്നു"

Namitha Mohanan

ന്യൂഡൽഹി: 2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾക്കു മുമ്പ് തന്നെ പ്രധാനമന്ത്രി പദം ഏറ്റെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നതായി സോണിയ ഗാന്ധി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇതേ നിലപാടാണ് ആഗ്രഹിച്ചിരുന്നതെന്നും സോണിയ ഗാന്ധി വെളിപ്പെടുത്തി.

2004 ലെ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പ്രധാനമന്ത്രി പദം ഏറ്റെടുക്കാൻ സഖ്യകക്ഷി നേതാക്കളിൽ നിന്ന് കടുത്ത സമ്മർദം നേരിടേണ്ടി വന്നിരുന്നതായും, തുടർന്ന് ആദ്യം പ്രധാനമന്ത്രി പദം ഏറ്റെടുക്കാമെന്ന് സമ്മതിക്കേണ്ടി വന്നതായും സോണിയ പറയുന്നു.

എന്നാൽ, സമ്മർദത്തിന് വഴങ്ങരുതെന്ന് രാഹുലും പ്രിയങ്കയും ആവശ്യപ്പെട്ടു. തന്‍റെ ഉള്ളിൽ രണ്ട് ചിന്തകൾ തമ്മിൽ കടുത്ത സംഘർഷം നിലനിന്നിരുന്നു. പ്രധാനമന്ത്രി പദം ഏറ്റെടുത്തിരുന്നെങ്കിൽ തന്‍റെ വിദേശ പൗരത്വം ബിജെപിയും ആർഎസ്എസും രാജ്യത്ത് ഭിന്നത സൃഷ്ടിക്കാൻ ഉപയോഗിക്കുമായിരുന്നുവെന്നും സോണിയ ഗാന്ധി കുറിച്ചു.

ചൊവ്വാഴ്ച പുറത്തിറങ്ങുന്ന ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ് പുസ്തകത്തിലാണ് 2004ൽ പ്രധാനമന്ത്രി പദം ഏറ്റെടുക്കാതിരുന്നതിന് പിന്നിലെ കാരണങ്ങളും അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളും സംബന്ധിച്ച് സോണിയ ഗാന്ധി വിശദീകരിക്കുന്നുണ്ട്.