വിസ നടപടി പൂർണമായി ഓൺലൈനായി പൂർത്തിയാക്കാം

 
Freepik - symbolic image
India

വിസ നടപടി പൂർണമായി ഓൺലൈനായി പൂർത്തിയാക്കാം; ഇന്ത്യക്കാർക്കുള്ള ഇലക്ട്രോണിക് യാത്രാ അനുമതി സംവിധാനം വിപുലീകരിച്ച് ദക്ഷിണാഫ്രിക്ക

ഇന്ത്യ, തെക്കുകിഴക്കൻ ഏഷ്യ, മധ്യപൂർവദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് അപേക്ഷാ നടപടികൾ എളുപ്പമാക്കുന്നതിനാണ് പുതിയ സംവിധാനം

Sarath Nath MS

മുംബൈ: ഇന്ത്യക്കാർ ഉൾപ്പെടെ 53 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കായി ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇടിഎ) സംവിധാനം വിപുലീകരിച്ച് ദക്ഷിണാഫ്രിക്ക. ഇതോടെ വിസ നടപടികൾ പൂർണമായും ഓൺലൈനായി പൂർത്തിയാക്കാം. വിസ പ്രോസസിങ് കേന്ദ്രങ്ങൾ നേരിട്ട് സന്ദർശിക്കേണ്ടതില്ല.

ഇന്ത്യ, തെക്കുകിഴക്കൻ ഏഷ്യ, മധ്യപൂർവദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് അപേക്ഷാ നടപടികൾ എളുപ്പമാക്കുന്നതിനാണ് പുതിയ സംവിധാനം. കുടുംബങ്ങൾക്കും സംഘങ്ങളായെത്തുന്നവർക്കും യാത്ര ആസൂത്രണം ചെയ്യുന്നത് കൂടുതൽ ലളിതമാക്കാൻ ഡിജിറ്റൽ സംവിധാനം സഹായിക്കുമെന്ന് ദക്ഷിണാഫ്രിക്കൻ ടൂറിസം അറിയിച്ചു.

പ്രായപൂർത്തിയാകാത്തവർക്കും അപേക്ഷിക്കാവുന്ന തരത്തിൽ സംവിധാനം വിപുലീകരിച്ചിട്ടുണ്ട്. ഏഴ് വയസും അതിൽ കൂടുതലുമുള്ള കുട്ടികൾക്കായി ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നതിനും ഹോം അഫയേഴ്സ് നാഷണൽ ഐഡന്‍റിഫിക്കേഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യുന്നതിനുമുള്ള സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്.

2027ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പിന് മുന്നോടിയായി കൂടുതൽ ഇന്ത്യൻ സഞ്ചാരികളെ ദക്ഷിണാഫ്രിക്കയിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യമെന്ന് ദക്ഷിണാഫ്രിക്കൻ ടൂറിസം ഹബ് മേധാവി നെലിസ്വ ന്കാനി പറഞ്ഞു. ക്രിക്കറ്റ് മത്സരങ്ങൾക്കപ്പുറം ദക്ഷിണാഫ്രിക്കയുടെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കാൻ ഇന്ത്യൻ യാത്രക്കാർ തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു.