കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയുഷ് ഗോയൽ

 
India

വ്യാപാര ബന്ധം ശക്തിപ്പെടുത്തൽ; കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്‍റെ നേതൃത്വത്തിൽ സിംഗപ്പൂർ പര്യടനത്തിന് തുടക്കമായി

പര്യടനത്തിന്‍റെ ഭാഗമായി നടക്കുന്ന ഇന്ത്യ-സിംഗപ്പൂർ മന്ത്രിതല സമ്മേളനത്തിൽ ധനമന്ത്രി നിർമല സീതാരാമൻ, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, റെയ്ൽവേമന്ത്രി അശ്വിനി വൈഷ്ണവ് എന്നിവർക്കൊപ്പം ഗോയൽ പങ്കെടുക്കും

Sarath Nath MS

ന്യൂഡൽഹി: ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള വ്യാപാര-നിക്ഷേപ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയുഷ് ഗോയലിന്‍റെ നേതൃത്വത്തിൽ 70 അംഗ ബിസിനസ് പ്രതിനിധി സംഘത്തിന്‍റെ മൂന്ന് ദിവസത്തെ സിംഗപ്പൂർ പര്യടനം ആരംഭിച്ചു. പര്യടനത്തിന്‍റെ ഭാഗമായി വ്യാഴാഴ്ച നടക്കുന്ന നാലാമത് ഇന്ത്യ-സിംഗപ്പൂർ മന്ത്രിതല വട്ടമേശ സമ്മേളനത്തിൽ കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ, വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, കേന്ദ്ര റെയ്ൽവേമന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരും പങ്കെടുക്കും.

സന്ദർശനത്തിനിടെ മന്ത്രിമാർ സിംഗപ്പൂർ മന്ത്രിമാരുമായും മറ്റ് മുതിർന്ന നേതാക്കളുമായും ചർച്ച നടത്തും. എഐ, നിർമാണം, അടിസ്ഥാനസൗകര്യം, ധനകാര്യ സേവനങ്ങൾ, ആരോഗ്യപരിപാലനം, ഭക്ഷ്യ-കാർഷിക മേഖല, ലോജിസ്റ്റിക്സ്, സമുദ്രവ്യാപാരം, വ്യാപാരം തുടങ്ങിയ മേഖലകളിലെ പ്രതിനിധികളാണ് ബിസിനസ് സംഘത്തിലുള്ളത്. പങ്കാളിത്തം, നിക്ഷേപം, വിപണി പ്രവേശനം, സാങ്കേതിക സഹകരണം, പ്രതിഭാ വികസനം എന്നിവയായിരിക്കും ചർച്ചകളിലെ പ്രധാന വിഷയങ്ങൾ.

ഇന്ത്യയുടെ പ്രധാന സാമ്പത്തിക പങ്കാളിയും രാജ്യത്തേക്ക് വൻതോതിൽ നിക്ഷേപം നടത്തുന്ന രാജ്യങ്ങളിലൊന്നുമാണ് സിംഗപ്പൂർ. 2025-26ൽ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) നടത്തിയ രാജ്യം സിംഗപ്പൂരാണ്. ഈ കാലയളവിൽ സിംഗപ്പൂരിൽ നിന്നുള്ള എഫ്ഡിഐ 19.8 ബില്യൺ ഡോളറായിരുന്നു.

2000 ഏപ്രിൽ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ സിംഗപ്പൂരിൽ നിന്നുള്ള ഇന്ത്യയുടെ ആകെ എഫ്ഡിഐ 194.68 ബില്യൺ ഡോളറിലെത്തി. ഇന്ത്യയിലേക്കുള്ള ആകെ എഫ്ഡിഐയുടെ 24.72 ശതമാനമാണിത്. ആസിയാൻ രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയും സിംഗപ്പൂരാണ്.

ഇന്ത്യ-സിംഗപ്പൂർ സമഗ്ര സാമ്പത്തിക സഹകരണ കരാർ നിലവിൽ വന്നതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിലും ഗണ്യമായ വളർച്ചയുണ്ടായിരുന്നു. 2004-05 സാമ്പത്തിക വർഷത്തിലെ 6.7 ബില്യൺ ഡോളറിൽ നിന്ന് 2025-26ൽ ഇത് 36.1 ബില്യൺ ഡോളറായി ഉയർന്നു.

മൂന്നാം പ്രസവത്തിനും ഒരു വർഷം ശമ്പളത്തോട് കൂടിയ അവധി; ചരിത്രപരമായ മാറ്റവുമായി വിജയ് സർക്കാർ

കശ്മീരിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

ലഹരിക്കെതിരേ വ്യാപക പ്രചാരണം; പിന്നാലെ മയക്കുമരുന്നുമായി ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ 4 പേർ അറസ്റ്റിൽ

എല്ലാ എംഎൽഎമാർക്കും സർക്കാർ വക കാർ; തമിഴ്നാട്ടിൽ വമ്പൻ പ്രഖ്യാപനവുമായി വിജയ്

മായ രാഹുൽ പാലാ ചെയർപേഴ്സൺ