ജാമിയയിൽ 15 ദിവസത്തിനകം വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ്
ന്യൂഡൽഹി: ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിൽ വിദ്യാർഥി യൂണിയന്റെ ഭരണഘടനയ്ക്ക് അംഗീകാരം ലഭിച്ച് 15 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്താൻ ഉത്തരവ്. സമരത്തിനിടെ വിദ്യാർഥികൾക്കെതിരേ പുറപ്പെടുവിച്ച സസ്പെൻഷൻ ഉത്തരവുകളും കാരണം കാണിക്കൽ നോട്ടീസുകളും പിൻവലിക്കാനും സർവകലാശാല തീരുമാനിച്ചു. സമരകാലയളവിൽ സുരക്ഷാ ജീവനക്കാരുടെ പെരുമാറ്റം അന്വേഷിക്കാൻ സമിതിയെ നിയോഗിക്കുമെന്നും തിങ്കളാഴ്ച പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവിൽ വ്യക്തമാക്കി.
സമരത്തിൽ നിരാഹാരമിരുന്ന വിദ്യാർഥികളും അവരുടെ പ്രതിനിധികളും സമർപ്പിച്ച നിവേദനം പരിഗണിച്ചാണ് സർവകലാശാലയുടെ തീരുമാനം. സർവകലാശാലാ ഭരണകൂടത്തിനെതിരേ സമരത്തിനിടെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾക്കും പ്രവൃത്തികൾക്കും സമൂഹ മാധ്യമ പോസ്റ്റുകൾക്കും വിദ്യാർഥികൾ വാർത്താസമ്മേളനത്തിലൂടെ പരസ്യമായി മാപ്പുപറയാൻ സമ്മതിച്ചതായും ഉത്തരവിൽ പറയുന്നു. ഇത്തരം പോസ്റ്റുകൾ ഉടൻ സമൂഹ മാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്യണം. ഉത്തരവ് പുറത്തിറങ്ങുന്നതോടെ സമരം അവസാനിപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ജാമിയ മില്ലിയ ഇസ്ലാമിയ വിദ്യാർഥി യൂണിയൻ (ജെഎംഐഎസ്യു) പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സർവകലാശാലയിൽ രണ്ടാഴ്ചയോളമായി തുടരുന്ന സമരത്തിനാണ് ഇതോടെ പരിഹാരമായത്. 2006നുശേഷം യൂണിയൻ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് നാല് വിദ്യാർഥികൾ അനിശ്ചിതകാല നിരാഹാര സമരത്തിലായിരുന്നു. തെരഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിക്കുക, അച്ചടക്ക നടപടികൾ പിൻവലിക്കുക, സുരക്ഷാ ജീവനക്കാർ നടത്തിയതായി ആരോപിക്കപ്പെടുന്ന അതിക്രമങ്ങൾ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചിരുന്നു.
സമരസ്ഥലത്തെ സംഘർഷാവസ്ഥ രൂക്ഷമായതിനെ തുടർന്ന് സർവകലാശാല നേരത്തേ എല്ലാ കോഴ്സുകളിലെയും ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റിയിരുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ക്യാംപസിലെത്തുന്നത് ഒഴിവാക്കണമെന്നും ഗേറ്റുകളും ലൈബ്രറികളും അടച്ചിടുമെന്നും വിദ്യാർഥികൾക്ക് നിർദേശം നൽകിയിരുന്നു.
സമരക്കാരുമായി ചർച്ച നടത്താൻ ഏഴ് പ്രൊഫസർമാരടങ്ങിയ സമിതിയെ നിയോഗിച്ചിരുന്നതായും വിദ്യാർഥി യൂണിയന്റെ ഭരണഘടന തയ്യാറാക്കാനുള്ള സമിതിക്ക് ഒക്റ്റോബർ 21ന് രൂപം നൽകിയതായും സർവകലാശാലാ അധികൃതർ അറിയിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിന് കൃത്യമായ സമയക്രമം പ്രഖ്യാപിക്കുകയും ഭരണഘടന തയ്യാറാക്കുന്ന നടപടിയിൽ വിദ്യാർഥി പ്രതിനിധികളെ ഉൾപ്പെടുത്തുകയും ചെയ്യാതെ സമിതി രൂപീകരണം മാത്രം മതിയാകില്ലെന്ന നിലപാടിലായിരുന്നു വിദ്യാർഥികൾ.