ഒഡിശ മുഖ്യമന്ത്രി മോഹൻ ചരൺ മാജി

 
India

എട്ട് വർഷത്തിന് ശേഷം ഒഡിശയിൽ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ്; ഒക്റ്റോബർ 15ന് വോട്ടെടുപ്പ്

മുഖ്യമന്ത്രി മോഹൻ ചരൺ മാജിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഉന്നത വിദ്യാഭ്യാസ മന്ത്രി സൂര്യവംശി സൂരജ് തിങ്കളാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്

Sarath Nath MS

ഭുവനേശ്വർ: എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒഡിശയിലെ കോളെജുകളിൽ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് നടത്താൻ സർക്കാർ തീരുമാനം. ഒക്റ്റോബർ 15നാണ് തെരഞ്ഞെടുപ്പ്. മുഖ്യമന്ത്രി മോഹൻ ചരൺ മാജിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഉന്നത വിദ്യാഭ്യാസ മന്ത്രി സൂര്യവംശി സൂരജ് തിങ്കളാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഒക്റ്റോബർ ഏഴിന് കോളെജുകളിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ഒക്റ്റോബർ ഒമ്പതിന് സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാം. ഒക്റ്റോബർ 15ന് വോട്ടെടുപ്പ് നടക്കും. തെരഞ്ഞെടുക്കപ്പെടുന്നവർ ഒക്റ്റോബർ 16ന് ഉച്ചയ്ക്ക് മുൻപ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും.

ഭാവിയിലെ നേതൃത്വത്തെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. 2018 മുതൽ സംസ്ഥാനത്ത് വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് നിർത്തിവച്ചിരിക്കുകയായിരുന്നു.

2024ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ അധികാരത്തിലെത്തിയാൽ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് പുനരാരംഭിക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു.

ക്യാമ്പസുകളിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിന് അനുകൂലമായ സാഹചര്യം ഒരുക്കാൻ കുറച്ച് സമയം ആവശ്യമായിരുന്നുവെന്നും മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പുനരാരംഭിക്കുന്നതിന് അനുമതി നൽകിയതിൽ നന്ദിയുണ്ടെന്നും മന്ത്രി പറഞ്ഞു. ലിംഗ്ഡോ കമ്മിറ്റി ശുപാർശകൾ അനുസരിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.

എട്ട് വർഷമായി വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിവച്ച മുൻ ബിജു ജനതാദൾ സർക്കാരിനെ മന്ത്രി വിമർശിക്കുകയും ചെയ്തു.