സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പോയ വിദ്യാർഥികളെ ട്രെയ്നിൽ നിന്ന് ഇറക്കിവിട്ടതായി ആരോപണം

 
India

ഡൽഹിയിലെ സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പോയ വിദ്യാർഥികളെ മധ്യപ്രദേശിൽ ട്രെയ്നിൽ നിന്ന് ഇറക്കിവിട്ടതായി ആരോപണം

പ്രതിഷേധത്തിൽ പങ്കെടുക്കാൻ പുനെയിൽ നിന്ന് ഗോവ എക്‌സ്പ്രസിൽ ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു വിദ്യാർഥികളെന്നാണ് റിപ്പോർട്ടുകൾ

Sarath Nath MS

ഇറ്റാർസി: ഡൽഹിയിൽ ഒക്റ്റോബർ 10ന് നടക്കുന്ന സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പുറപ്പെട്ട 15ഓളം വിദ്യാർഥികളെ മധ്യപ്രദേശിലെ ഇറ്റാർസി ജങ്ഷൻ റെയ്ൽവേ സ്റ്റേഷനിൽ വച്ച് ട്രെയ്നിൽ നിന്ന് നിർബന്ധിച്ച് ഇറക്കിവിട്ടതായി ആരോപണം. വിദ്യാർഥികളെ പൊലീസുകാർ ട്രെയ്നിൽ നിന്ന് ഇറക്കിവിടുന്നതിന്‍റെ ദൃശ്യങ്ങളെന്ന് കരുതുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പ്രതിഷേധത്തിൽ പങ്കെടുക്കാൻ പുനെയിൽ നിന്ന് ഗോവ എക്‌സ്പ്രസിൽ ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു വിദ്യാർഥികളെന്നാണ് റിപ്പോർട്ടുകൾ. വ്യാഴാഴ്ച രാത്രി ട്രെയ്ൻ നർമദാപുരം ജില്ലയിലെ ഇറ്റാർസി ജങ്ഷനിലെത്തിയപ്പോഴാണ് ഇവരെ ഇറക്കിവിട്ടതെന്നാണ് ആരോപണം.

വിദ്യാർഥികളെ ട്രെയ്നിൽ നിന്ന് ഇറക്കിയശേഷം വിട്ടയച്ചതായി ഇറ്റാർസി റെയ്ൽവേ പൊലീസ് ഇൻസ്‌പെക്റ്റർ സഞ്ജയ് ചൗക്‌സെ പറഞ്ഞു. അതേസമയം നടപടിയുടെ കാരണം അദ്ദേഹം വിശദീകരിച്ചില്ല. നിലവിൽ വിദ്യാർഥികളെല്ലാം സ്വന്തം ഇഷ്ടപ്രകാരം ഇറ്റാർസിയിലെ ഒരു ഹോട്ടലിൽ താമസിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണ (എസ്ഐആർ) നടപടിയിൽ ക്രമക്കേടുകൾ നടന്നെന്നാരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സിജെപി ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നത്.