ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
ന്യൂഡൽഹി: ചീഫ് ജസ്റ്റിസിനെതിരേ സാമൂഹിക മാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റ് പങ്കുവച്ച സംഭവത്തിൽ കെപിസിസി ഭാരവാഹികൾക്കെതിരേ കടുത്ത നടപടിയുമായി സുപ്രീം കോടതി. മുഴുവൻ കെപിസിസി ഭാരവാഹികൾക്കും കോടതി സ്വമേധയാ കോടതി അലക്ഷ്യ നോട്ടീസയച്ചു. കോടതിയുടെ അധാകാരത്തെയും അന്തസ്സിനെയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഇത്തരം നടപടികളെ ശക്തമായി നേരിടുമെന്ന് കോടതി വ്യക്തമാക്കി.
കേസ് പരിഗണിക്കവെ കെപിസിസിക്കായി ഹാജരായ അഭിഭാഷകൻ നിരുപാധികം മാപ്പപേക്ഷിച്ചെങ്കിലും കോടതിയിത് അംഗീകരിച്ചില്ല. ആദ്യം മോശമാക്കി കാണിക്കുകയും പിന്നീട് മാപ്പു പറയുകയും ചെയ്യുന്നതിൽ എന്ത് പ്രസക്തിയാണ് ഉള്ളതെന്ന് കോടതി ചോദിച്ചു.
ചീഫ് ജസ്റ്റിസിനെയും നിയമ വ്യവസ്ഥയെ മോശമായി ചിത്രീകരിക്കാനുള്ള ബോധപൂർവമായ ശ്രമം നടന്നെന്ന് വിലയിരുത്തിയ കോടതി വിഷയത്തിൽ കെപിസിസി നേതാക്കളുടെ ഭാഗത്ത് നിന്നും കൃത്യമായി മറുപടി ആവശ്യമാണെന്ന് വ്യക്തമാക്കി.
ഒക്റ്റോബര്‍ 12 നാണ് കെപിസിസി കേരള ഘടകത്തിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരേ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. "പ്രിയ സൂര്യകാന്ത്, നിയമവും ക്രമസമാധാനവും നിങ്ങളുടെ പരിധിയില്‍ വരുന്നതല്ലെങ്കില്‍ ഇപ്പോള്‍ തന്നെ രാജിവയ്ക്കൂ. അത് കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരാളെ ഞങ്ങള്‍ പകരം കണ്ടെത്തിക്കൊള്ളാം'', എന്നായിരുന്നു കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്സ് പോസ്റ്റ്. വിവാദമായതോടെ ഹൈക്കാമാന്‍ഡ് പോസ്റ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
വിജയ് തോട്ടത്തില്‍ എന്നയാളാണ് കെപിസിസിയുടെ അറിവില്ലാതെ പോസ്റ്റ് ഇട്ടതെന്ന് പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു. എക്സിലെ പരാമര്‍ശം കോണ്‍ഗ്രസ് നിലപാടല്ല. അനുചിതമായ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ നീക്കം ചെയ്തതുവെന്നും പോസ്റ്റിട്ടയാളെ ചുമതലയിൽ നിന്ന് മറ്റിയതായും സണ്ണി ജോസഫ് അറിയിച്ചിരുന്നു. ചീഫ് ജസ്റ്റിസിന്റെ രാജി ആവശ്യപ്പെടുന്നത് കോണ്‍ഗ്രസ് നിലപാടല്ലെന്നും നിരുപാധികം മാപ്പപേക്ഷിക്കുന്നതായും സണ്ണി ജോസഫ് അന്ന് വ്യക്തമാക്കിയിരുന്നു. വിശദീകരണം.