അഭിഷേക് ബാനർജി

 
India

അഭിഷേക് ബാനർജിക്ക് വിദേശത്ത് പോയി കണ്ണ് ചികിത്സ നടത്താം; അനുമതി നൽകി സുപ്രീം കോടതി

ബംഗാൾ നിയമസഭാ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, അഭിഷേക് ബാനർജി നടത്തിയ പരാമ‌‍ർശങ്ങളിൽ പൊലീസ് കേസെടുത്തിരുന്നു.

MV Desk

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജിക്ക് നേത്രചികിത്സയ്ക്ക് വിദേശത്തേക്ക് പോകാൻ അനുമതി നൽകി സുപ്രീംകോടതി. പശ്ചിമ ബംഗാൾ സർക്കാരിൻ്റെ എതിർപ്പ് തള്ളിയ കോടതി, ഓരോ വ്യക്തിക്കും വിദേശത്തേക്ക് പോകാനും ചികിത്സ തിരഞ്ഞെടുക്കാനും അവകാശമുണ്ടെന്ന് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അഭിഷേക് ബാനർജി ചികിത്സയ്ക്കായി മൂന്നാഴ്ചത്തേക്ക് വിദേശത്തേക്ക് പോകുന്നതിന് മറ്റ് ഗുരുതരമായ തടസ്സങ്ങളില്ലെന്നും ഉപാധികളോടെ അനുമതി നൽകാമെന്നും കോടതി ഉത്തരവിട്ടു.

ആരോഗ്യസ്ഥിതി രഹസ്യമായി സൂക്ഷിക്കാൻ അഭിഷേക് ബാനർജിക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു. ആരോഗ്യ വിവരങ്ങൾ പൊതുസമൂഹത്തിൽ ലഭ്യമാക്കാതിരിക്കുക എന്നത് സ്വകാര്യതയ്ക്കുള്ള അവകാശത്തിന്‍റെ ഭാഗമാണെന്നാണ് കോടതിയുടെ നിരീക്ഷണം.

അതേസമയം പശ്ചിമ ബംഗാൾ സർക്കാരിന് വേണ്ടി ഹാജരായ എസ് വി രാജു, അഭിഷേക് ബാനർജിക്കെതിരെ 15 ഓളം കേസുകളുണ്ടെന്നും അതുകാരണം ഇന്ത്യയിലേക്ക് മടങ്ങിവരാതിരിക്കാനുള്ള സാധ്യത കൂടുതലായിരുന്നുവെന്നും പറഞ്ഞു. എന്നാൽ കേസുകൾ ഗൗരവ സ്വഭാവനത്തിലുള്ളതല്ലെന്ന് നിരീക്ഷിച്ച കോടതി, മുമ്പ് ഗുരുതര കേസുകൾ ഉള്ളപ്പോൾ വിദേശയാത്രയ്ക്ക് അനുമതി ലഭിച്ചിരുന്ന കാര്യവും ചൂണ്ടിക്കാട്ടി. വിമാനമടക്കമുള്ള യാത്രാ വിവരങ്ങൾ, താമസസ്ഥലം, ഡോക്ട‍ർമാരുടെയും ആശുപത്രിയുടെയും വിവരങ്ങൾ എന്നിവ സമ‍ർപ്പിക്കണമെന്ന് അഭിഷേക് ബാനർജിക്ക് കോടതി നിർദേശം നൽകി.

ബംഗാൾ നിയമസഭാ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, അഭിഷേക് ബാനർജി നടത്തിയ പരാമ‌‍ർശങ്ങളിൽ പൊലീസ് കേസെടുത്തിരുന്നു. നേരത്തെ, കൊൽക്കത്ത ഹൈക്കോടതി അഭിഷേകിന് വിദേശയാത്രയ്ക്കുള്ള അനുമതി നിഷേധിച്ചിരുന്നു. ഇന്ത്യയിൽ ചികിത്സാ സൗകര്യങ്ങൾ ഉള്ളപ്പോൾ 40 വയസ്സുള്ള അഭിഷേക് ബാനർജി വിദേശത്ത് പോയി ചികിത്സ തേടേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിച്ചാണ് കോടതി യാത്രാനുമതി നിഷേധിച്ചിരുന്നത്. വിദേശയാത്രയ്ക്ക് അനുമതി നൽകിയാൽ അഭിഷേക് ബാന‍ർജി രാജ്യം വിടുമെന്ന് ബിജെപി ആരോപിച്ചിരുന്നു.

മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയാൽ ധനസഹായം; പുതിയ പദ്ധതികളുമായി വിജയ് സർക്കാർ

വൈകില്ല, റോഡ് പണി 2028ൽ തീരും; ഉറപ്പു നൽകി ഗഡ്കരി

പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കാൻ നിർദേശമില്ലെന്ന് കേന്ദ്രം

സിഗരറ്റ് വാങ്ങാൻ 50 രൂപ നൽകാത്തതിന് രണ്ട് പേരെ കുത്തി; യുവാവ് ഒളിവിൽ

നീറ്റ് ചോദ്യപേപ്പർ ചോർച്ച: നുണപരിശോധനയ്ക്ക് അനുമതി തേടിയ മൂന്ന് പ്രതികളുടെ ഹർജി തള്ളി