ട്രാഫിക് പിഴത്തുക അടയ്ക്കാത്തവരെ കുടുക്കാൻ വേറിട്ട നിർദ്ദേശവുമായി സുപ്രീം കോടതി
file image
ന്യൂഡൽഹി: ട്രാഫിക് നിയമ ലംഘനങ്ങളുടെ പിഴ വൈദ്യുതി ബില്ലുമായി ബന്ധിപ്പിക്കുന്നതു പരിഗണിക്കണമെന്നു സുപ്രീം കോടതി. ഇ ചലാനുകളുടെ പിഴ അടയ്ക്കാത്തവരിൽ നിന്ന് തുക ഈടാക്കാനുള്ള മാർഗമായി ജസ്റ്റിസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ചാണ് ഈ നിർദേശം മുന്നോട്ടുവച്ചത്.
ഇ ചലാൻ നൽകുന്നതുപോലെ പിഴത്തുക ഈടാക്കുന്നതിലും ശ്രദ്ധ വേണമെന്നു പരമോന്നത കോടതി പറഞ്ഞു. പിഴ അടയ്ക്കാത്തവർക്ക് അതു വൈദ്യുതി കുടിശികയ്ക്കൊപ്പം ചേർത്തു നൽകുക. വൈദ്യുതി ബിൽ അടച്ചില്ലെങ്കിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുമല്ലോ. അതുകൊണ്ടു കുടിശിക ഈടാക്കാൻ ഇതൊരു പ്രായോഗിക മാർഗമാകും. വൈദ്യുത ബില്ലിനൊപ്പം ചലാൻ തുക ഈടാക്കണമെന്നത് അന്തിമ ഉത്തരവല്ല, നിർദേശം മാത്രമാണെന്നും കോടതി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഏകദേശം 45,000 കോടി രൂപയുടെ ഇചലാൻ കുടിശികയുണ്ടെന്നാണ് കോടതിയിൽ ലഭിച്ച വിവരം.
വാഹന രജിസ്ട്രേഷൻ പുതുക്കൽ തടയുക, ഫിറ്റ്നെസ് സർട്ടിഫിക്കെറ്റ് നൽകാതിരിക്കുക, പരിവാഹൻ പോർട്ടലിൽ കരിമ്പട്ടികയിൽപ്പെടുത്തുക, ഡ്രൈവിങ് ലൈസൻസ് പുതുക്കുന്നത് തടയുക തുടങ്ങിയ നിർദേശങ്ങളും കോടതി മുന്നോട്ടുവച്ചു.