ഗോധ്ര സബർമതി എക്സ്പ്രസ് കത്തിക്കൽ കേസ്; പ്രതിയുടെ ശിക്ഷ സുപ്രീം കോടതി മരവിപ്പിച്ചു
സുപ്രീം കോടതി - file image
ന‍്യൂഡൽഹി: 2002ൽ ഗുജറാത്തിലെ ഗോധ്രയിൽ സബർമതി എക്സ്പ്രസ് കത്തിച്ച കേസിലെ പ്രതിയായ ഇർഫാൻ സിറാജ് പാഡയുടെ ജീവപര‍്യന്തം ശിക്ഷ സുപ്രീം കോടതി മരവിപ്പിച്ചു. പ്രതിയുടെ ആരോഗ‍്യനിലയും 18 വർഷത്തിലേറെ ജയിലിൽ കഴിഞ്ഞതും കണക്കിലെടുത്താണ് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പി.ബി. വരാലെ എന്നിവർ ഉൾപ്പെടുന്ന ബെഞ്ചിന്‍റെ നടപടി.
2002 ഫെബ്രുവരി 27ന് ഗോധ്രയ്ക്ക് സമീപം സബർമതി എക്സ്പ്രസിന്‍റെ എസ്-6 കോച്ച് കത്തിച്ചെന്നാണ് കേസ്. ഈ സംഭവത്തിൽ 58 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതേത്തുടർന്ന് ഗുജറാത്തിലുടനീളം വർഗീയ കലാപങ്ങൾ അരങ്ങേറി.
2011 മാർച്ചിൽ കേസിലെ 31 പ്രതികളെ വിചാരണക്കോടതി കുറ്റക്കാരായി കണ്ടെത്തിയതിനെത്തുടർന്ന് 11 പേർക്ക് വധശിക്ഷയും 20 പേർക്ക് ജീവപര‍്യന്തം ശിക്ഷയും വിധിക്കുകയായിരുന്നു. 63 പേരെ കോടതി വെറുതെ വിട്ടു. പിന്നീട് ഗുജറാത്ത് ഹൈക്കോടതി വധശിക്ഷകൾ ജീവപര‍്യന്തമായി ഇളവ് ചെയ്തു. മറ്റു 20 പേരുടെ ജീവപര‍്യന്തം ശിക്ഷ ശരിവയ്ക്കുകയും ചെയ്തു.