ഇലോൺ‌ മസ്കിന്‍റെ സ്റ്റാർലിങ്ക് രാജ‍്യസുരക്ഷയ്ക്ക് ഭീഷണി; അനുമതി നൽകരുതെന്ന് ആർഎസ്എസ് അനുബന്ധ സംഘടന

 
India

ഇലോൺ‌ മസ്കിന്‍റെ സ്റ്റാർലിങ്ക് രാജ‍്യസുരക്ഷയ്ക്ക് ഭീഷണി; അനുമതി നൽകരുതെന്ന് ആർഎസ്എസ് അനുബന്ധ സംഘടന

സ്വദേശി ജാഗരൺ മഞ്ചാണ് ഇത്തരത്തിലൊരു പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്

Aswin AM

ന‍്യൂഡൽഹി: ശതകോടീശ്വരൻ ഇലോൺ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള ഉപഗ്രഹ ഇന്‍റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന് ഇന്ത‍്യയിൽ അനുമതി നൽകരുതെന്ന് ആർഎസ്എസ് അനുബന്ധ സംഘടന. ആർഎസ്എസ് അനുബന്ധ സംഘടനയായ സ്വദേശി ജാഗരൺ മഞ്ചാണ് സ്റ്റാർലിങ്ക് രാജ‍്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്.

സ്റ്റാർലിങ്കിന്‍റെ ഇന്ത‍്യയിലേക്കുള്ള കടന്നുവരവ് തടയാൻ ചില പ്രഭുക്കൻമാർ ശ്രമിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം മസ്ക് ആരോപിച്ചതിനു പിന്നാലെയാണ് സ്വദേശി ജാഗരൺ മഞ്ച് ഇത്തരത്തിലൊരു പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്.

നിലവിൽ രാജ‍്യം വിവിധ ക്രമസമാധാന വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അത്തരം സാഹചര‍്യങ്ങളിൽ‌ ഇന്‍റർനെറ്റ് അധിഷ്ഠിത സോഷ‍്യൽ മീഡിയ പലപ്പോഴും അഭ‍്യൂഹങ്ങൾക്കും ദേശവിരുദ്ധ പ്രചാരണങ്ങൾക്കും കാരണമാകുമെന്ന് പാർട്ടി ദേശീയ സഹ കൺവീനർ അശ്വിനി മഹാജൻ പറഞ്ഞു. ഭീകരവാദം, കലാപങ്ങൾ, പ്രതിഷേധങ്ങൾ തുടങ്ങിയ സന്ദർഭങ്ങളിൽ ക്രമസമാധാനം നിലനിർത്താൻ ഇന്‍റർനെറ്റ് തടസപ്പെടുത്തേണ്ടത് അനിവാര‍്യമാണെന്നും അദ്ദേഹം വാദിച്ചു.

സ്റ്റാർലിങ്കിന് അനുമതി നൽകിയാൽ ഇന്ത‍്യയുടെ ഡാറ്റ വിദേശ സംവിധാനങ്ങൾ വഴി കടന്നുപോകുന്നതിലേക്ക് വഴിവയ്ക്കുമെന്നും അത് നിയമപരമായ നിരീക്ഷണങ്ങൾക്ക് വെല്ലുവിളിയാകുമെന്നുമാണ് സംഘടനയുടെ വാദം. സ്റ്റാർലിങ്ക്, യൂട്ടെൽസാറ്റ് വൺവെബ്, ജിയോ സാറ്റലെറ്റ് കമ്മ‍്യൂണിക്കേഷൻസ് എന്നീ മുന്ന് കമ്പനികളും സാറ്റലൈറ്റ് ഇന്‍റർനെറ്റ് അനുമതിക്കായി രംഗത്തുണ്ടെങ്കിലും അന്തിമ സുരക്ഷാ അനുമതിയും സ്പെക്‌ട്രവും ലഭിക്കാത്തതിനാൽ സേവനം ആരംഭിച്ചിട്ടില്ല.