ആൻഡമാനിലെ സെല്ലുലാർ ജയിൽ നാഷണൽ മെമ്മോറിയലിൽ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ സന്ദർശനം നടത്തുന്നു

 
India

സവർക്കർ അതുല്യനും നിർഭയനുമായ വിപ്ലവകാരിയെന്ന് ഉപരാഷ്ട്രപതി; ആൻഡമാനിലെ സെല്ലുലാർ ജയിലിൽ സന്ദർശനം നടത്തി സി.പി. രാധാകൃഷ്ണൻ

ശനിയാഴ്ച ആൻഡമാനിലെ ചരിത്രപ്രസിദ്ധമായ സെല്ലുലാർ ജയിൽ നാഷണൽ മെമ്മോറിയൽ സന്ദർശന വേളയിലാണ് സവർക്കറെ പുകഴ്ത്തി ഉപരാഷ്ട്രപതി രംഗത്തെത്തിയത്

Sarath Nath MS

ശ്രീ വിജയപുരം: വിവാദ രാഷ്ട്രീയ നേതാവും ഹിന്ദു മഹാസഭ പ്രസിഡന്‍റുമായിരുന്ന വി.ഡി. സവർക്കറെ പുകഴ്ത്തി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. സവർക്കറെ അതുല്യനും നിർഭയനുമായ വിപ്ലവകാരി എന്ന് വിശേഷിപ്പിച്ച ഉപരാഷ്ട്രപതി, അദ്ദേഹത്തിന്‍റെ ദേശസ്‌നേഹം തലമുറകളായി യുവ ഇന്ത്യക്കാരെ പ്രചോദിപ്പിച്ചുവെന്നും പറഞ്ഞു. ശനിയാഴ്ച ആൻഡമാനിലെ ചരിത്രപ്രസിദ്ധമായ സെല്ലുലാർ ജയിൽ നാഷണൽ മെമ്മോറിയൽ സന്ദർശന വേളയിലാണ് സവർക്കറെ പുകഴ്ത്തി ഉപരാഷ്ട്രപതി രംഗത്തെത്തിയത്.

സ്വാതന്ത്ര്യസമരത്തിൽ വിപ്ലവകാരിയായ വി.ഡി. സവർക്കർ നൽകിയ സംഭാവനയും ഉപരാഷ്ട്രപതി അനുസ്മരിച്ചു. ''സ്വാതന്ത്ര്യസമര സേനാനികളെ ജയിലിലേക്ക് അയച്ചതിന്‍റെ ലക്ഷ്യം അവരുടെ മനോവീര്യം തകർക്കുകയായിരുന്നു. എന്നാൽ സവർക്കർജി ഒരിക്കലും തളർന്നില്ല. ഒടുവിൽ ബ്രിട്ടീഷ് രാജാണ് തളർന്നത്''- ഉപരാഷ്ട്രപതി പറഞ്ഞു. തൊട്ടുകൂടായ്മയ്ക്കും സാമൂഹിക വിവേചനത്തിനുമെതിരായ പോരാട്ടത്തിലും സവർക്കർ നൽകിയ സംഭാവനകളെക്കുറിച്ചും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. ആൻഡമാനിലെ സെല്ലുലാർ ജയിലിൽ സവർക്കർ അനുഭവിച്ച വർഷങ്ങളോളം നീണ്ട തടവും കഠിനമായ പീഡനങ്ങളും ഉപരാഷ്ട്രപതി അനുസ്മരിച്ചു. സവർക്കർ തടവിലായിരുന്ന സെൽ, സെൻട്രൽ ടവർ, തൂക്കുമരം, മ്യൂസിയം, പ്രദർശന ഗാലറി എന്നിവയും അദ്ദേഹം സന്ദർശിച്ചു.

‘ഹർ ഘർ തിരംഗ അഭിയാൻ’, ‘വന്ദേ മാതരം’ 150-ാം വാർഷികാഘോഷം എന്നിവയുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കുന്നതിനായാണ് ഉപരാഷ്ട്രപതി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ആൻഡമാൻ-നിക്കോബാർ ദ്വീപിൽ എത്തിയത്.

ശനിയാഴ്ച ഉച്ചയോടെ വീർ സവർക്കർ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള നാവികസേനയുടെ വ്യോമതാവളമായ ഐഎൻഎസ് ഉത്ക്രോഷിൽ എത്തിയ രാധാകൃഷ്ണനെ ലെഫ്റ്റനന്‍റ് ഗവർണർ അഡ്മിറൽ ദേവേന്ദ്ര കുമാർ ജോഷിയും (റിട്ട) മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ലോക് നിവാസിലെത്തിയ രാധാകൃഷ്ണൻ ലെഫ്റ്റനന്റ് ഗവർണർ ജോഷിയുമായി കൂടിക്കാഴ്ച നടത്തി.

ഞായറാഴ്ച രാവിലെ ഒൻപതിന് ശ്രീ വിജയപുരത്തെ ഫ്ലാഗ് പോയിന്‍റിൽ ദേശീയ പതാക ഉയർത്തി രാധാകൃഷ്ണൻ ‘ഹർ ഘർ തിരംഗ അഭിയാനിൽ’ പങ്കെടുക്കും. തുടർന്ന് ഡോ. ബി.ആർ. അംബേദ്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഓഡിറ്റോറിയത്തിൽ നടക്കുന്ന ‘വന്ദേ മാതരം’ പ്രമേയമാക്കിയ ‘തിരംഗ കൺസേർട്ട്’ എന്ന സംസ്ഥാനതല പരിപാടിയിൽ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം ചരിത്രപ്രസിദ്ധമായ നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ് സന്ദർശിച്ച ശേഷം വൈകിട്ട് ഡൽഹിയിലേക്ക് മടങ്ങും.

യുപിഐ ഉപയോക്താക്കളിൽനിന്ന് നിരക്ക് ഈടാക്കില്ല; ഭൂരിഭാഗം ഇടപാടുകളും വ്യാപാരികൾക്കും സൗജന്യമായി തുടരും: കേന്ദ്ര സർക്കാർ

അർജുൻ ആയങ്കിയുടെ സഹായികൾക്ക് ജാമ്യം

പത്തനംതിട്ടയിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ മരിച്ചു

യുവാക്കളാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി; അവരുടെ കഴിവിന് ലോകത്ത് സമാനതകളില്ല: രാഹുൽ ഗാന്ധി

വിമാനത്തിന്‍റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച മലയാളിക്കെതിരേ വധശ്രമക്കുറ്റം