എടപ്പാടി കെ. പളനിസ്വാമി
ചെന്നൈ: തമിഴ്നാട്ടിലെ മധുരാന്തകം നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥി കെ. കനിതാ സമ്പത്തിന് പിന്തുണയുമായി എഐഎഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എടപ്പാടി കെ. പളനിസ്വാമി പ്രചാരണത്തിനെത്തും. സെപ്റ്റംബർ 24, 26 തീയതികളിൽ പളനിസ്വാമി മണ്ഡലത്തിൽ വിവിധ തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കുമെന്ന് പാർട്ടി പ്രസ്താവനയിൽ അറിയിച്ചു.
സെപ്റ്റംബർ 24ന് മാമണ്ടൂർ, പുത്തൂർ, ദേവത്തൂർ, ശാരവമ്പാക്കം എന്നിവിടങ്ങളിലും 26ന് എൽ. എൻഡത്തൂർ, രാമപുരം, എലപ്പാക്കം, ഓരത്തി എന്നിവിടങ്ങളിലും പളനിസ്വാമി പ്രചാരണയോഗങ്ങളിൽ സംസാരിക്കും.
ഒക്റ്റോബർ ആറിനാണ് മധുരാന്തകം മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മുൻ എഐഎഡിഎംകെ എംഎൽഎ മരഗതം കുമാരവേൽ രാജിവച്ച് മേയിൽ ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിൽ (ടിവികെ) ചേർന്നതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മരഗതം കുമാരവേലാണ് ടിവികെ സ്ഥാനാർഥി.
ടിവികെ കുതിരക്കച്ചവടത്തിൽ ഏർപ്പെടുന്നതായി ആരോപിച്ച പളനിസ്വാമി മുൻ എംഎൽഎയായ കനിതാ സമ്പത്തിനെ എഐഎഡിഎംകെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു. മരഗതം കുമാരവേലിന്‍റെ സ്വന്തം മണ്ഡലത്തിൽ നടക്കുന്ന ശ്രദ്ധേയമായ പോരാട്ടത്തിൽ ഡിഎംകെ, നാം തമിഴർ കക്ഷി, ഇടതുപക്ഷ പാർട്ടികൾ എന്നിവരും മത്സരിക്കുന്നുണ്ട്.
മധുരാന്തകത്തിന് പുറമെ ധാരാപുരത്തും ഉപതെരഞ്ഞെടുപ്പ് നടക്കും. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച പി. സത്യബാമ ഒരു മാസത്തിനകം രാജിവച്ച് ടിവികെയിൽ ചേർന്നതിനെ തുടർന്നാണ് ധാരാപുരത്തും ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.