തമിഴ്നാട് മുഖ്യമന്ത്രി വിജയ്
ചെന്നൈ: ടിവികെ എംഎൽഎമാരുമായി നിർണായക യോഗം ചേർന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. മാമല്ലപുരത്തെ സ്വകാര്യ റിസോർട്ടിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് യോഗം നടത്തുന്നത്. ചില എംഎൽഎമാരുടെ പ്രവർത്തനങ്ങൾ വിവാദങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് വിജയ് നിർണായക യോഗം വിളിച്ചു കൂട്ടിയിരിക്കുന്നത്.
പൊതുജനങ്ങളുമായി ഇടപെടുമ്പോൾ അച്ചടക്കവും മാന്യതയും ഉറപ്പു വരുത്തണമെന്ന് എംഎൽഎമാർക്ക് പാർട്ടി മുന്നറിയിപ്പ് നൽകിയേക്കും. എംഎൽഎയും ഡപ്യൂട്ടി സ്പീക്കറുമായ എം. രവിശങ്കർ, കല്ലക്കുറിച്ചി എംഎൽഎ സി. അരുൾ വിഘ്നേഷ് എന്നിവർക്കെതിരേയാണ് ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരുന്നത്.
എംഎൽഎ രവിശങ്കർ മണ്ഡലത്തിലെ പ്രശ്നങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ച കാർത്തിക് കുമാർ എന്നയാളെ മർദിക്കുന്ന വിഡിയോ പുറത്തു വന്നിരുന്നു. എംഎൽഎ അരുൾ വനിതാ കലക്റ്റർക്ക് വാട്സാപ്പിൽ മോശം സന്ദേശങ്ങൾ അയച്ചതും വിവാദമായി മാറിയിരുന്നു.
യോഗം നടക്കുന്ന ചെങ്കൽപേട്ട് ജില്ലയിലെ കോവളം മുതൽ മാമല്ലപുരം വരെയും പേരൂർ ജംഗ്ഷൻ മുതൽ തിരുപോരൂർ ബൈപാസ് വരെയും പൊലീസ് ഡ്രോണുകൾ നിരോധിച്ചിരിക്കുകയാണ്.