പൊലീസിനെ വിവരാവകാശത്തിൽ നിന്ന് ഒഴിവാക്കിയ വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ
ചെന്നൈ: വിവരാവകാശ നിയമത്തിന്‍റെ (ആർടിഐ) പരിധിയിൽ നിന്ന് പൊലീസിനെ (ലോ ആൻഡ് ഓർഡർ വകുപ്പ്) ഒഴിവാക്കിയ ഉത്തരവ് തമിഴ്നാട് സർക്കാർ പിൻവലിച്ചു. പ്രതിപക്ഷത്തിന്‍റെ രൂക്ഷ വിമർശനത്തിന് പിന്നാലെയാണ് സർക്കാർ ഉത്തരവ് റദ്ദാക്കിയത്.
2026 സെപ്റ്റംബർ 21ന് ഹ്യൂമൻ റിസോഴ്സസ് മാനേജ്മെന്‍റ് (ആർ) വകുപ്പ് പുറപ്പെടുവിച്ച സർക്കാർ ഉത്തരവാണ് ഇപ്പോൾ പിൻവലിച്ചത്. ആർടിഐ നിയമത്തിലെ 24-ാം വകുപ്പിലെ ഉപവകുപ്പ് (4) പ്രകാരമായിരുന്നു പബ്ലിക് (ലോ ആൻഡ് ഓർഡർ) വകുപ്പിനെ ആർടിഐ പരിധിയിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം.
പൊലീസ് വെടിവയ്പുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടുകൾ, കസ്റ്റഡി മരണങ്ങൾ, പൊലീസ് പീഡനം തുടങ്ങിയ സുപ്രധാന വിഷയങ്ങൾ പബ്ലിക് (ലോ ആൻഡ് ഓർഡർ) വകുപ്പിന്‍റെ പരിധിയിൽ വരുന്നതാണ്. നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് നിലനിന്നിരുന്നെങ്കിൽ ഇത്തരം വിവരങ്ങൾ ആർടിഐ വഴി പൊതുജനങ്ങൾക്ക് ലഭിക്കുന്നതിന് നിയന്ത്രണമുണ്ടാകുമായിരുന്നു.
ആർടിഐയിൽ നിന്ന് വകുപ്പിനെ പൂർണമായും ഒഴിവാക്കുകയല്ല ഉദ്ദേശിച്ചതെന്ന് ടിവികെ മന്ത്രി സി.ടി.ആർ. നിർമൽ കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. സാമുദായിക സംഘർഷങ്ങളുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ മാത്രമാണ് ആർടിഐയിൽ നിന്ന് ഒഴിവാക്കാൻ ഉദ്ദേശിച്ചതെന്നും ലോ ആൻഡ് ഓർഡർ വിഭാഗത്തിൽ 20 വിഷയങ്ങളുണ്ടെന്നും അതിൽ ചിലത് മാത്രമാണ് ഒഴിവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം സർക്കാർ ഉത്തരവ് ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന് പിന്നാലെ വിവിധ പ്രതിപക്ഷ നേതാക്കളിൽ നിന്ന് ശക്തമായ വിമർശനമുയർന്നു. ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് സിപിഎം എംപി വെങ്കടേശൻ ആവശ്യപ്പെട്ടു.
ആർടിഐയിൽ നിന്ന് ലോ ആൻഡ് ഓർഡർ വകുപ്പിനെ ഒഴിവാക്കാനുള്ള നീക്കം ജനാധിപത്യ ഉത്തരവാദിത്തത്തെ ബാധിക്കുമെന്ന് കോൺഗ്രസ് എംപി കാർത്തി ചിദംബരവും വിമർശിച്ചിരുന്നു. പൊലീസ് വെടിവയ്പ്, കസ്റ്റഡി മരണം, പൊലീസ് പീഡനം, റിമാൻഡ് തടവുകാരുടെ മരണം, സാമുദായിക-ജാതി സംഘർഷങ്ങൾ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങളിൽ നിന്ന് മറച്ചുവയ്ക്കപ്പെടാൻ ഇത് ഇടയാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.