തമിഴ് നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, ധനമന്ത്രി മേരി വിൽസനൊപ്പം.

 

File

India

തമിഴ്‌നാട് മന്ത്രിയുടെ കൈക്കൂലി പരാമർശം വിവാദത്തിൽ: വിജയ് സർക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം

ഡിഎംകെ ഭരണകാലത്ത് തന്‍റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അംഗീകാരം ലഭിക്കാൻ സ്‌കൂൾ വിദ്യാഭ്യാസ വകുപ്പിന് വൻ തുക കൈക്കൂലിയായി നൽകേണ്ടി വന്നിട്ടുണ്ടെന്ന് ധനമന്ത്രി

MV Desk

ചെന്നൈ: തമിഴ്‌നാട് ധനമന്ത്രി എൻ. മേരി വിൽസൺ നിയമസഭയിൽ നടത്തിയ കൈക്കൂലി പരാമർശം സംസ്ഥാനത്ത് കടുത്ത രാഷ്ട്രീയ പോരിലേക്ക് വഴിതെളിക്കുന്നു. വിജയ് അധ്യക്ഷനായ തമിഴക വെട്രി കഴകം (TVK) സർക്കാരിനെതിരേ പ്രതിപക്ഷ പാർട്ടികളായ ഡിഎംകെയും ബിജെപിയും രൂക്ഷവിമർശനവുമായി രംഗത്തെത്തി. മന്ത്രിസ്ഥാനത്ത് നിന്ന് വിൽസണെ പുറത്താക്കി സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഇരു പാർട്ടികളും ആവശ്യപ്പെട്ടു.

കഴിഞ്ഞ ഡിഎംകെ ഭരണകാലത്ത് ചെന്നൈയിലെ തന്‍റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അംഗീകാരം ലഭിക്കുന്നതിനായി സ്‌കൂൾ വിദ്യാഭ്യാസ വകുപ്പിന് വൻ തുക കൈക്കൂലിയായി നൽകേണ്ടി വന്നിട്ടുണ്ടെന്നായിരുന്നു തിങ്കളാഴ്ച ധനമന്ത്രി സഭയിൽ നടപ്പിലാക്കിയ വെളിപ്പെടുത്തൽ. "ഇതിന് തെളിവും സാക്ഷിയും ഞാൻ തന്നെയാണ്... ഏത് അന്വേഷണത്തെയും നേരിടാൻ തയാറാണ്," എന്നും അദ്ദേഹം തുറന്നടിച്ചു.

എന്നാൽ, ഒരു സംസ്ഥാന ധനമന്ത്രി തന്നെ സഭയ്ക്കുള്ളിൽ താൻ കൈക്കൂലി കൊടുത്തു എന്ന് പരസ്യമായി സമ്മതിക്കുന്നത് ഗുരുതരമായ തെറ്റാണെന്ന് ഡിഎംകെ നേതാവ് അൻബിൽ മഹേഷ് പൊയ്യാമൊഴി പറഞ്ഞു. കൈക്കൂലി കൊടുത്തതിൽ നേരിട്ടുള്ള സാക്ഷിയാണെന്ന് സ്വയം അവകാശപ്പെടുന്ന സാഹചര്യത്തിൽ വിജിലൻസ് ആന്‍റ് ആന്‍റി കറപ്ഷൻ ഡയറക്റ്ററേറ്റ് ഉടൻ തന്നെ മന്ത്രി വിൽസണെ ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തമിഴ്‌നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രനും സർക്കാരിനെതിരെ രംഗത്തെത്തി. കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും ഒരുപോലെ കുറ്റകരമാണെന്നും, സംഭവത്തിൽ ഉൾപ്പെട്ട ഇരുവിഭാഗങ്ങൾക്കെതിരെയും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ധനമന്ത്രിയെ പിന്തുണച്ച ആരോഗ്യ മന്ത്രി കെ.ജി. അരുൺരാജ്, വിൽസൺ ഒരു 'വിസിൽ ബ്ലോവർ' (അഴിമതി പുറത്തുകൊണ്ടുവന്നയാൾ) മാത്രമാണെന്ന് ന്യായീകരിച്ചു. സംഭവത്തിൽ വിജയ് സർക്കാരിന്‍റെ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.

പ്രളയത്തെക്കുറിച്ച് അറിയാതെ നേപ്പാളിലെത്തി; ശശി തരൂർ സുരക്ഷിതൻ

''പഞ്ചസാരയുടെ വില വർധിപ്പിക്കണം''; 40 വയസ് കഴിഞ്ഞവർ പൂർണമായി ഒഴിവാക്കണമെന്ന് മധ‍്യപ്രദേശ് മന്ത്രി

മോഷണക്കേസ് പ്രതി ആലുവ സബ് ജയിലിൽ നിന്നും രക്ഷപ്പെട്ട സംഭവം; 3 ഉദ‍്യോഗസ്ഥർക്കെതിരേ വകുപ്പ് തല നടപടി

സെപ്റ്റംബർ 5ന് നടത്താനിരിക്കുന്ന പ്രതിഷേധ മാർച്ചിന് അനുമതി നൽകാത്തതിൽ പ്രതിഷേധം ശക്തമാക്കാൻ സിജെപി

ഖമനേയി മരിച്ചിട്ടില്ല, മരിച്ചെങ്കിൽ ഇറാന്‍റേത് നല്ല നാടകം തന്നെ: ഡോണൾഡ് ട്രംപ്