മദ്യശാലകൾ അടച്ചിട്ട് സമരം; 245 സൂപ്പർവൈസർമാരെ സസ്പെൻഡ് ചെയ്ത് തമിഴ്നാട് സർക്കാർ
ചെന്നൈ: മദ്യശാലകൾ തുടർച്ചയായി രണ്ട് ദിവസം അടച്ചിട്ടതിന്‍റെ പേരിൽ 245 സൂപ്പർവൈസർമാരെ സസ്പെൻഡ് ചെയ്ത് തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷൻ ( തസ്മാക്). 1729 ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസും അയച്ചിട്ടുണ്ട്. ചെന്നൈ, കോയമ്പത്തൂർ, മധുര, സേലം, ട്രിച്ചി എന്നിവിടങ്ങളിലെ ഔട്ട്‌ലെറ്റുകളിലെ ജീവനക്കാർക്കെതിരേയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
തമിഴ്നാട് സർക്കാർ മദ്യത്തിന് പുതുതായി ഏർപ്പെടുത്തിയ പരിസ്ഥിതി സാമൂഹ്യ ക്ഷേമ സെസ്സിനെതിരേ ജീവനക്കാർ സമരം പ്രഖ്യാപിച്ചിരുന്നു.
ഇതേ തുടർന്നാണ് തിങ്കളാഴ്ച നിരവധി ഔട്ട്‌ലെറ്റുകൾ അടച്ചിട്ടത്. അനുമതിയില്ലാതെ ഔട്ട്‌ലെറ്റുകൾ അടച്ചിടുന്നത് പൊതുസേവന നിയമങ്ങളെ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് തസ്മാക് നടപടി സ്വീകരിച്ചിരിക്കുന്നത്.
പരിസ്ഥിതി സെസ് ആയി 10 രൂപയാണ് മദ്യത്തിന് അധികം നൽകേണ്ടത്. നവംബർ 1 മുതൽ വില വർധന നിലവിൽ വന്നു. ഇന്ത്യൻ നിർമിത വിദേശമദ്യം, ബിയർ വൈൻ എന്നിവയെല്ലാം ഔട്ട്ലെറ്റുകളിൽ നിന്ന് വാങ്ങുമ്പോൾ അധിക സെസ് നൽകേണ്ടതായി വരും. പ്രാദേശിക ഉത്പാദകർ ഉൾപ്പെടെയുള്ളവർ ഇതു പ്രകാരമുള്ള വില കുപ്പികളിൽ ഉറപ്പാക്കണമെന്നും തസ്മാക് വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ പരിസ്ഥിതി, സാമൂഹ്യ ക്ഷേമത്തിനു വേണ്ടിയായിരിക്കും ഈ തുക ചെലവഴിക്കുക. മദ്യകുപ്പികളുടെ ലേബലിൽ സെസ് ഉൾപ്പെടെയുള്ള ക്യുആർകോഡുകൾ ഉൾപ്പെടുത്താനാണ് നിർദേശം.