അഭിജീത് ദിപ്കെ

 
India

മോദിക്കെതിരായ പോരാട്ടം തുടരും; ഡൽഹി പൊലീസ് തനിക്കും കുടുംബത്തിനും മാനസിക പീഡനം നൽകിയെന്ന് അഭിജീത് ദിപ്കെ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെ സംരക്ഷിക്കാൻ മോദി സർക്കാർ പൗരന്മാർക്കെതിരേ യുദ്ധം നടത്തുകയാണെന്നും അഭിജീത് ആരോപിച്ചു

Sarath Nath MS

ഛത്രപതി സംഭാജിനഗർ: ഡൽഹി പൊലീസ് തനിക്കും കുടുംബത്തിനും മാനസിക പീഡനം നൽകിയെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ. ഒക്റ്റോബർ 10ന് ജന്തർ മന്തറിൽ സംഘടനയുടെ പ്രതിഷേധത്തിന് മുന്നോടിയായി കസ്റ്റഡിയിലെടുത്തപ്പോൾ താൻ എവിടെയാണെന്ന വിവരം ബന്ധുക്കളെയും അഭിഭാഷകനെയും അറിയിച്ചില്ലെന്നും അഭിജീത് തിങ്കളാഴ്ച എക്സ് പോസ്റ്റിൽ ആരോപിച്ചു. മുത്തശ്ശി മരിച്ചതിനെ തുടർന്ന് ഹിംഗോളിയിലെ സ്വന്തം ഗ്രാമമായ സന്തുക് പിംപിരിയിലായിരുന്നു അഭിജീത്. മാതാപിതാക്കളെയോ അഭിഭാഷകരെയോ തന്‍റെ താമസസ്ഥലത്തെക്കുറിച്ച് പൊലീസ് അറിയിച്ചില്ല. മുത്തശ്ശിക്കൊപ്പം താമസിച്ചിരുന്ന ബന്ധുവിന്‍റെ ഫോൺ നമ്പർ പോലും മൊബൈലിൽ നിന്ന് എടുക്കാൻ അനുവദിച്ചില്ലെന്നും അഭിജീത് പറഞ്ഞു.

കസ്റ്റഡിയിലിരിക്കേ മുത്തശ്ശിയുടെ മരണവിവരം അറിയിച്ചില്ലെന്ന സിജെപിയുടെ ആരോപണം തള്ളാൻ ഡൽഹി പൊലീസ് വിഡിയോ പുറത്തുവിട്ടിരുന്നു. മരണവിവരം അറിയിച്ചെന്നും സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ നാട്ടിലേക്ക് പോകാനുള്ള സഹായം വാഗ്ദാനം ചെയ്തെങ്കിലും അഭിജീത് അത് നിരസിച്ചെന്നുമാണ് പൊലീസിന്‍റെ വിശദീകരണം. എന്നാൽ, മുത്തശ്ശിയുടെ മരണവിവരം അറിയിച്ചിരുന്നെങ്കിൽ പുലർച്ചെ 3.30ന് അറസ്റ്റ് രേഖകൾ ഒപ്പിടാനായി പൊലീസ് എത്തിയതെന്തിനാണെന്ന് അഭിജീത് ചോദിച്ചു.

മുത്തശ്ശിയുടെ മരണത്തിൽ ദുഃഖിതരായിരുന്ന മാതാപിതാക്കൾക്ക് കൂടുതൽ മാനസിക സമ്മർദമുണ്ടാക്കാനും തന്നെ വിഷമിപ്പിക്കാനുമാണ് പൊലീസ് ശ്രമിച്ചതെന്നും അഭിജീത് ആരോപിച്ചു. കൂടാതെ മുത്തശ്ശിയുടെ മരണവിവരം അറിയിക്കാനെന്ന പേരിൽ മൂന്നോ നാലോ ക്യാമറകളുമായി പൊലീസ് എത്തിയത് നാടകമാണെന്നും അഭിജീത് ആരോപിച്ചു. താൻ മുത്തശ്ശിയുടെ മരണവിവരം അറിഞ്ഞില്ലെന്ന വാദം തള്ളാൻ ഡൽഹി പൊലീസ് പുറത്തുവിട്ടത് എഡിറ്റ് ചെയ്ത വിഡിയോയാണെന്ന് അഭിജീത് പറഞ്ഞു.

നരേന്ദ്ര മോദിയുടെ ഏകാധിപത്യം അവസാനിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് അഭിജീത് പ്രഖ്യാപിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെ സംരക്ഷിക്കാൻ മോദി സർക്കാർ പൗരന്മാർക്കെതിരേ യുദ്ധം നടത്തുകയാണെന്നും അഭിജീത് ആരോപിച്ചു. ജ്ഞാനേഷ് കുമാർ എന്തുകൊണ്ടാണ് മോദിക്ക് ഇത്രയധികം അനിവാര്യനായ വ്യക്തിയെന്നും അഭിജീത് ചോദിച്ചു.