സിദിഖ് കാപ്പൻ
ന്യൂഡൽഹി: പാസ്പോർട്ട് വിട്ടുനൽകണമെന്നാവശ്യപ്പെട്ട് മലയാളിയായ മാധ്യമപ്രവർത്തകൻ സിദിഖ് കാപ്പൻ സമർപ്പിച്ച ഹർജി സുപ്രീം കോടതി നവംബർ രണ്ടിലേക്ക് മാറ്റി. ഹാഥ്റസ് ഗൂഢാലോചനക്കേസിൽ ജാമ്യവ്യവസ്ഥയുടെ ഭാഗമായി കോടതിയിൽ സമർപ്പിച്ച പാസ്പോർട്ട് തിരികെ ലഭിക്കണമെന്നാണ് ആവശ്യം.
ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അപേക്ഷ ചൊവ്വാഴ്ച രാവിലെയാണ് ലഭിച്ചതെന്നും ഇതിൽ നിർദേശം തേടേണ്ടതുണ്ടെന്നും ഉത്തർപ്രദേശ് സർക്കാരിന്റെ സ്റ്റാൻഡിങ് കൗൺസൽ രുചിര ഗോയൽ അറിയിച്ചതിനെ തുടർന്നാണ് വാദം മാറ്റിയത്.
2020 ഒക്റ്റോബർ ആറിന് ഉത്തർപ്രദേശിലെ ഹാഥ്റസിൽ ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെയാണ് കാപ്പൻ അറസ്റ്റിലായത്. ഹാഥ്റസിൽ ക്രമസമാധാനം തകർക്കാനും കലാപത്തിന് പ്രേരിപ്പിക്കാനും കാപ്പൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി കാപ്പന് ബന്ധമുണ്ടെന്നായിരുന്നു പൊലീസിന്റെ ആരോപണം.
2022 സെപ്റ്റംബർ ഒൻപതിന് അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീൽ പരിഗണിച്ച സുപ്രീം കോടതി കാപ്പന് ജാമ്യം അനുവദിച്ചു. ജയിലിൽ നിന്ന് പുറത്തിറങ്ങിയശേഷം ആറ് മാസം ഡൽഹിയിൽ തുടരണമെന്നും എല്ലാ തിങ്കളാഴ്ചയും നിസാമുദ്ദീൻ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും ഉൾപ്പെടെ വ്യവസ്ഥകൾ ഏർപ്പെടുത്തിയിരുന്നു.
ആറ് മാസത്തിനുശേഷം കേരളത്തിലെ സ്വന്തം നാടായ മലപ്പുറത്തേക്ക് പോകാമെന്നും അവിടെയും എല്ലാ തിങ്കളാഴ്ചയും പ്രാദേശിക പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചിരുന്നു. വിചാരണക്കോടതിയുടെ വ്യക്തമായ അനുമതിയില്ലാതെ ഡൽഹിയുടെ അധികാരപരിധി വിട്ടുപോകരുതെന്നും എല്ലാ ദിവസവും വിചാരണക്കോടതിയിൽ നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാകണമെന്നും നിർദേശിച്ചിരുന്നു. പാസ്പോർട്ട് അന്വേഷണ ഏജൻസിക്ക് കൈമാറണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.