ഡെപ്യൂട്ടി ജയിൽ സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്ത് മുഖ്യമന്ത്രി വിജയ്

 
India

തേനി ജയിൽചാട്ടം: ഡെപ്യൂട്ടി ജയിൽ സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്ത് മുഖ്യമന്ത്രി വിജയ്; ഉന്നത ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളും സുരക്ഷാ ക്രമീകരണങ്ങളിലെ പോരായ്മകളും പരിഗണിച്ചാണ് കർശന അച്ചടക്ക നടപടികൾക്ക് മുഖ്യമന്ത്രി നിർദേശം നൽകിയത്

Sarath Nath MS

ചെന്നൈ: തേനി ജില്ലയിലെ തെക്കാംപട്ടി സബ് ജയിലിൽ നിന്ന് 17 തടവുകാർ രക്ഷപ്പെട്ട സംഭവത്തിൽ നടപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ഡ്യൂട്ടിയിലെ വീഴ്ചയും സുരക്ഷാ പാളിച്ചകളും ചൂണ്ടിക്കാട്ടി തെക്കാംപട്ടി സബ് ജയിലിന്‍റെ ചുമതലയുള്ള ഡെപ്യൂട്ടി ജയിൽ സൂപ്രണ്ട് എൻ. രാമലിംഗത്തെ അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. സംസ്ഥാനത്തെ മുതിർന്ന ജയിൽ ഉദ്യോഗസ്ഥർക്ക് കൂട്ടസ്ഥലംമാറ്റവും നിർദേശിച്ചിട്ടുണ്ട്.

ഒക്റ്റോബർ 26നായിരുന്നു ജയിലിൽ നിന്ന് 17 തടവുകാർ രക്ഷപ്പെട്ടത്. തടവുകാരിലൊരാൾക്ക് അപസ്മാരമുണ്ടെന്ന് അഭിനയിച്ച് ജയിൽ ജീവനക്കാരെ കീഴടക്കിയായിരുന്നു രക്ഷപ്പെടൽ. പിന്നീട് പൊലീസ് എല്ലാവരെയും പിടികൂടിയിരുന്നു.

സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളും സുരക്ഷാ ക്രമീകരണങ്ങളിലെ പോരായ്മകളും പരിഗണിച്ചാണ് കർശന അച്ചടക്ക നടപടികൾക്ക് മുഖ്യമന്ത്രി നിർദേശം നൽകിയത്. ഡെപ്യൂട്ടി ജയിൽ സൂപ്രണ്ട് രാമലിംഗം ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ സസ്പെൻഷനിൽ തുടരും.