അമിത് ഷാ, രാഹുൽ ഗാന്ധി

 
India

2014ലും 2019ലും 2024ലും എസ്‌ഐആർ ഉണ്ടായിരുന്നില്ല, എന്നിട്ടും നിങ്ങൾ തോറ്റു; രാഹുൽ ഗാന്ധിക്കെതിരേ അമിത് ഷാ

തെരുവുകളിൽ പ്രതിഷേധിക്കുന്നതിന് പകരം പാർലമെന്‍റിൽ ചർച്ചയ്ക്ക് വരാൻ രാഹുൽ ഗാന്ധിയെ അമിത് ഷാ വെല്ലുവിളിച്ചു

Sarath Nath MS

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംവാദത്തിന് വെല്ലുവിളിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരേ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തെരുവുകളിൽ പ്രതിഷേധിക്കുന്നതിന് പകരം പാർലമെന്‍റിൽ ചർച്ചയ്ക്ക് വരാൻ രാഹുൽ ഗാന്ധിയെ അമിത് ഷാ വെല്ലുവിളിച്ചു. പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണമായ എസ്‌ഐആറിനെക്കുറിച്ച് ചർച്ച ചെയ്യാൻ പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം വിളിക്കാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ കർണാലിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

2014, 2019, 2024 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ എസ്‌ഐആർ ഉണ്ടായിരുന്നില്ലെങ്കിലും കോൺഗ്രസ് പരാജയപ്പെട്ടുവെന്ന് അദ്ദേഹം പരിഹസിച്ചു. 2014ലും 2019ലും 2024ലും എസ്‌ഐആർ ഉണ്ടായിരുന്നില്ല. എന്നിട്ടും നിങ്ങൾ പരാജയപ്പെട്ടു. ഹരിയാനയിലും മഹാരാഷ്ട്രയിലും എസ്‌ഐആർ ഉണ്ടായിരുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.

പാർലമെന്‍റിന്‍റെ പ്രവർത്തനം തടസപ്പെടുത്തുകയും തെരുവുകളിൽ ആളുകളെ കൂട്ടി അരാജകത്വം സൃഷ്ടിക്കുകയുമാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. തെരുവുകളിൽ പ്രതിഷേധം തുടരുന്നതിന് പകരം പാർലമെന്‍റിൽ ചർച്ചയ്ക്ക് വരണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

രാജ്യത്തെ ജനങ്ങൾ രാഹുൽ ഗാന്ധിയെയും കോൺഗ്രസ് പാർട്ടിയെയും തുടർച്ചയായി പരാജയപ്പെടുത്തിയെന്നും അമിത് ഷാ അവകാശപ്പെട്ടു.