വർധമാൻ ജെയിനും ഭാര്യ രാധിക ജെയിനും തിരുമല തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിൽ സ്വർണം സമർപ്പിക്കുന്നു.
തിരുമല: തിരുമല തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിൽ ചെന്നൈ സ്വദേശികളായ ജൈന ദമ്പതിമാർ കാണിക്കയായി സമർപ്പിച്ചത് 121 കിലോ സ്വർണാഭരണങ്ങൾ. ഏകദേശം 206 കോടി രൂപ മൂല്യം വരുന്ന വജ്രം പതിച്ച സ്വർണാഭരണങ്ങളാണ് വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ വർധമാൻ ജെയിനും ഭാര്യ രാധിക ജെയിനും ചേർന്ന് സമർപ്പിച്ചത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
തിരുപ്പതി ക്ഷേത്രത്തിൽ ഒരു സ്വകാര്യ വ്യക്തി സമർപ്പിക്കുന്ന ഏറ്റവും വലിയ കാണിക്കയാണിത്. ഒൻപത് സെറ്റുകളിലായി 45 സ്വർണാഭരണങ്ങളാണു സമർപ്പിക്കപ്പെട്ടത്. വെങ്കടേശ്വര വിഗ്രഹത്തിന്റെ കേശാദിപാദ അലങ്കാരത്തിനു പ്രത്യേകമായി രൂപകൽപ്പന ചെയ്തവയാണ് ആഭരണങ്ങൾ.
വെങ്കടേശ്വര ഭഗവാനോടുള്ള അഗാധമായ ഭക്തിയും വിശ്വാസവുമാണ് ഇത്രയും വലിയ കാണിക്കസമർപ്പണത്തിനു ദമ്പതിമാരെ പ്രേരിപ്പിച്ചതെന്നു ചടങ്ങിന് ശേഷം മുഖ്യമന്ത്രി നായിഡു പറഞ്ഞു. അലിപിരി ബോംബ് സ്ഫോടനത്തെ താൻ അതിജീവിച്ചത് വെങ്കടേശ്വര ഭഗവാന്റെ അനുഗ്രഹം കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.