മണിപ്പുരിൽ മൂന്ന് തീവ്രവാദികൾ അറസ്റ്റിൽ

 
India

മണിപ്പുരിൽ മൂന്ന് തീവ്രവാദികൾ അറസ്റ്റിൽ; പിടിയിലായത് പിരിവ് നടത്തിയെന്ന് ആരോപിക്കപ്പെടുന്നവർ

ബിഷ്ണുപുർ, ഇംഫാൽ ഈസ്റ്റ് ജില്ലകളിൽ നിന്നാണ് ഇവരെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു

Sarath Nath MS

ഇംഫാൽ: മണിപ്പൂരിൽ വിവിധ നിരോധിത സംഘടനകളിൽപ്പെട്ട മൂന്ന് തീവ്രവാദികളെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. പണം തട്ടിയെടുക്കൽ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ പങ്കുള്ളവരാണ് ഇവർ. ബിഷ്ണുപുർ, ഇംഫാൽ ഈസ്റ്റ് ജില്ലകളിൽ നിന്നാണ് ഇവരെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.

കാങ്‌ലീപാക് കമ്യൂണിസ്റ്റ് പാർട്ടി (അപുൻബ) പ്രവർത്തകനായ നംഗോം ഇബോംച സിങ്ങിനെ (28) ബിഷ്ണുപുർ ജില്ലയിലെ ഇറങ്ബാം മമാങ് മാഖ ലെയ്കായിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പണം തട്ടിയെടുക്കൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് ആരോപണം.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇതേ സംഘടനയിലെ മറ്റൊരു പ്രവർത്തകനായ കൊഞ്ചെങ്ബാം കുമാർജിത് സിങ്ങിനെയും (41) അറസ്റ്റ് ചെയ്തു. ജില്ലയിലെ നമ്പോളിലുള്ള ഇയാളുടെ വീട്ടിൽ നിന്നാണ് പിടികൂടിയത്.

യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് (പാംബെയ്) പ്രവർത്തകനായ തിങ്ബൈജം നൗബി സിങ്ങിനെ (47) ഇംഫാൽ ഈസ്റ്റ് ജില്ലയിലെ വാങ്ഖെയ് അയാങ്പള്ളി റോഡിൽ നിന്നും അറസ്റ്റ് ചെയ്തു. സർക്കാർ ഓഫീസുകളിൽനിന്നും സ്വകാര്യ സ്ഥാപനങ്ങളിൽനിന്നും പണം തട്ടിയെടുക്കുന്നതിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് പൊലീസിന്‍റെ ആരോപണം.

2023ൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് (പാംബെയ്) സമാധാന കരാറിൽ ഒപ്പുവച്ചിരുന്നു. എന്നാൽ സംഘടനയിലെ ചിലർ പണം തട്ടിയെടുക്കൽ, ആയുധങ്ങൾ കൈവശം വയ്ക്കൽ തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുടരുന്നതായാണ് പൊലീസ് പറയുന്നത്.