ടൈഗർ ഷ്രോഫ്
മുംബൈ: വെടിവയ്പ്പ് ആക്രമണത്തിന് ശേഷം ബോളിവുഡ് താരം ടൈഗർ ഷ്രോഫ് ആദ്യമായി പൊതുവേദിയിലെത്തി. മുംബൈയിലെ ഗേറ്റ്വേ ഓഫ് ഇന്ത്യയിൽ ശനിയാഴ്ച നടന്ന ഗ്ലോബൽ പീസ് ഓണേഴ്സ് പരിപാടിയിൽ താരം നൃത്തപ്രകടനം നടത്തി.
'അഗ്നിപഥ്' എന്ന ചിത്രത്തിലെ 'ദേവ ശ്രീ ഗണേശ' ഗാനത്തിനാണ് ചുവപ്പും സ്വർണനിറവും കലർന്ന പരമ്പരാഗത വേഷത്തിൽ ടൈഗർ ഷ്രോഫ് നൃത്തം ചെയ്തത്. അക്ഷയ് കുമാറും പരിപാടിയിൽ പ്രകടനം കാഴ്ചവച്ചു. ഷാരൂഖ് ഖാൻ, രൺവീർ സിങ്, വിക്രാന്ത് മാസി തുടങ്ങി നിരവധി താരങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ഒക്റ്റോബർ 17നാണ് മുംബൈയിലെ ജുഹുവിൽ ടൈഗർ ഷ്രോഫിന്റെ കാറിന് നേർക്ക് അക്രമികൾ വെടിയുതിർത്തത്. ആക്രമണത്തിൽ താരം പരുക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും ഡ്രൈവർക്കും മറ്റൊരാൾക്കും പരുക്കേറ്റു. വെടിവയ്പ്പിന്റെ വിഡിയോ ദൃശ്യങ്ങൾ പിന്നീട് പുറത്തുവന്നിരുന്നു. ബോളിവുഡ് താരങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകൾക്കും സംഭവം വഴിവച്ചിരുന്നു.
ലോറൻസ് ബിഷ്ണോയി സംഘത്തിൽ നിന്ന് ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന് നിരന്തരം വധഭീഷണി നേരിടുന്ന പശ്ചാത്തലത്തിലാണ് ടൈഗർ ഷ്രോഫിന് നേരെ വെടിവയ്പ്പുണ്ടായത്. ടൈഗറിന് നേരെയുണ്ടായ വെടിവയ്പ്പിന്റെ ഉത്തരവാദിത്വം ലോറൻസ് ബിഷ്ണോയി സംഘം ഏറ്റെടുത്തിരുന്നു. സൽമാൻ ഖാനൊപ്പം പ്രവർത്തിച്ചതിന്റെ പേരിലാണ് സംഘം ടൈഗർ ഷ്രോഫിന് നേരെ ആക്രമണം നടത്തിയത്.
റെമോ ഡിസൂസ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് ടൈഗർ അടുത്തതായി അഭിനയിക്കുന്നത്. 'എ ഫ്ലയിങ് ജാട്ട്' എന്ന ചിത്രത്തിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. 'ബാഗി 4' ആണ് ടൈഗറിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.