കോൽക്കത്ത ദുർഗാപൂജ പന്തലിലെ ദുരന്തം; സംഘാടകരടക്കം ഏഴ് പേർ അറസ്റ്റിൽ

 
India

കോൽക്കത്ത ദുർഗാപൂജ പന്തലിലെ ദുരന്തം; സംഘാടകരടക്കം ഏഴ് പേർ അറസ്റ്റിൽ

സംഭവത്തിൽ ഇവർക്കെതിരേ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് സ്വമേധയാ കേസെടുത്തു

Sarath Nath MS

കോൽക്കത്ത: പശ്ചിമ ബംഗാളിലെ കോൽക്കത്തയിലെ ചോർബഗാൻ ദുർഗാപൂജ പന്തലിലുണ്ടായ തിക്കിലും തിരക്കിലും 19 പേർ മരിച്ച സംഭവത്തിൽ സംഘാടകരടക്കം ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഇവർക്കെതിരേ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് സ്വമേധയാ കേസെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായി ശനിയാഴ്ച രാത്രി 14 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ ഏഴ് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയതെന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ഞായറാഴ്ച അറിയിച്ചു. കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ശനിയാഴ്ച വൈകിട്ട് മഴയ്ക്കിടെ വടക്കൻ കോൽക്കത്തയിലെ ചോർബഗാൻ ദുർഗാപൂജ പന്തലിൽ ജനക്കൂട്ടം നിയന്ത്രണാതീതമായി തള്ളിക്കയറിയതിനെ തുടർന്നാണ് ദുരന്തമുണ്ടായത്. അപകടത്തിൽ 25 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ് പരുക്കേറ്റവർ. ഇവരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദർശിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.