ഡൽഹിയിൽ നിന്ന് താജ്മഹൽ കാണാൻ ആഗ്രയിലേക്ക് ഇനി 59 മിനിറ്റിൽ എത്താം; നോർത്ത് ബുള്ളറ്റ് ട്രെയ്ൻ കോറിഡോറിന് പ്രധാനമന്ത്രിയുടെ അംഗീകാരം
ന്യൂഡൽഹി: രാജ്യത്തെ ബുള്ളറ്റ് ട്രെയ്ൻ ശൃംഖലയുടെ നോർത്ത് കോറിഡോറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകാരം നൽകിയതായി കേന്ദ്ര റെയ്ൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പദ്ധതി യാഥാർഥ്യമാകുന്നതോടെ വടക്കേ ഇന്ത്യയിലെ പ്രധാന നഗരങ്ങൾ തമ്മിലുള്ള യാത്രാസമയം ഗണ്യമായി കുറയും.
പുതിയ ബുള്ളറ്റ് ട്രെയ്ൻ കോറിഡോർ ഡൽഹിയിൽ നിന്ന് ആരംഭിച്ച് ആഗ്ര, കാൺപൂർ, ലഖ്നൗ, അയോധ്യ, വാരണാസി, പ്രയാഗ്രാജ്, പട്ന, സിലിഗുരി വഴി ഗുവാഹത്തിയിലേക്ക് നീളും. പദ്ധതി പൂർത്തിയാകുന്നതോടെ ഡൽഹിയിൽ നിന്ന് ആഗ്രയിലേക്ക് 59 മിനിറ്റിലും കാൺപൂരിലേക്ക് ഒരു മണിക്കൂർ 45 മിനിറ്റിലും എത്താനാകും. ഡൽഹി-ലഖ്നൗ യാത്രയ്ക്ക് രണ്ട് മണിക്കൂർ 12 മിനിറ്റും ഡൽഹി-വാരണാസി യാത്രയ്ക്ക് മൂന്ന് മണിക്കൂർ 33 മിനിറ്റും മതിയാകുമെന്ന് മന്ത്രി പറഞ്ഞു. ലഖ്നൗവിൽ നിന്ന് വാരണാസിയിലേക്ക് ഒരു മണിക്കൂർ 21 മിനിറ്റിൽ എത്താനാകും. പദ്ധതിയുടെ നിർമാണ സമയക്രമം, ടിക്കറ്റ് നിരക്കുകൾ തുടങ്ങിയ വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കും.
ബുള്ളറ്റ് ട്രെയ്ൻ പദ്ധതി സമ്പന്നർക്ക് മാത്രമുള്ളതാണെന്ന പ്രചാരണം തെറ്റാണെന്നും വിമാനയാത്രാ നിരക്കിനേക്കാൾ വളരെ കുറഞ്ഞ നിരക്കായിരിക്കും ഈടാക്കുകയെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. പദ്ധതി പൂർണമായും 'മേക്ക് ഇൻ ഇന്ത്യ' മാതൃകയിലായിരിക്കും നടപ്പാക്കുക. തൂണുകൾ മുതൽ ഗർഡറുകൾ വരെയുള്ള നിർമാണ ഘടകങ്ങൾ രാജ്യത്ത് തന്നെ നിർമിക്കും. ഇന്ത്യൻ യുവാക്കളുടെയും തൊഴിലാളികളുടെയും പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി പൂർത്തിയാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. യുവാക്കൾ, ഇടത്തരം വരുമാനക്കാരായ കുടുംബങ്ങൾ, ചെറുകിട വ്യവസായ മേഖലയിലെ കരകൗശല തൊഴിലാളികൾ എന്നിവർക്ക് പദ്ധതി വലിയ നേട്ടമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.